
കൊളംബോ: ഭരണപ്രതിസന്ധിയും പ്രക്ഷോഭങ്ങളും സാമ്പത്തിക പ്രതിസന്ധിയും കൊണ്ട് വീർപ്പുമുട്ടുകയാണ് ശ്രീലങ്ക. രാജ്യത്ത് ഇന്ധനക്ഷാമം ഓരോ ദിവസവും രൂക്ഷമാവുകയാണ്. പൊതു ജനങ്ങളെപ്പോലെ തന്നെ ക്രിക്കറ്റ് താരങ്ങളുടെ അവസ്ഥയും പരിതാപകരമാണ്.
ഇപ്പോഴിതാ കാറിൽ പെട്രോൾ നിറയ്‌ക്കാനായി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വന്നുവെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് താരം ചാമിക കരുണരത്‌നെ പറയുന്നത്. രണ്ടു ദിവസമായി പമ്പിനു മുന്നിൽ ക്യൂ നിൽക്കുകയാണെന്നും ഭാഗ്യത്തിന് ഇന്ന് കാറിൽ ഇന്ധനം നിറയ്ക്കാനായെന്നും താരം പറഞ്ഞു. കടുത്ത ഇന്ധനക്ഷാമം തുടരുന്നതിനാൽ ക്രിക്കറ്റ് പരിശീലനത്തിന് പോകാൻ പോലും സാധിക്കുന്നില്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും താരം പറഞ്ഞു.
'ഈ വർഷം ഏഷ്യാ കപ്പും ലങ്കൻ പ്രീമിയർ ലീഗും രാജ്യത്ത് നടക്കുന്നുണ്ട്. കൊളംബോയിലേക്കും മറ്റിടങ്ങളിലേക്കു പരിശീലനത്തിനായി പോകണം. പക്ഷേ, ഇന്ധനക്ഷാമം കാരണം എങ്ങോട്ടും പോകാനാകുന്നില്ല. രണ്ടു ദിവസമായി ഇവിടെത്തന്നെയാണ്. പതിനായിരം രൂപയ്ക്ക് ഇന്ധനമടിച്ചാലും പരമാവധി രണ്ടോ മൂന്നോ ദിവസം മാത്രമേ ഉപയോഗിക്കാനാകൂ'- കരുണരത്‌നെ പറഞ്ഞു.
2019ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് ചാമിക കരുണരത്‌നെ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ ശ്രീലങ്കൻ ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയും പങ്കുചേർന്നിരുന്നു. കുമാർ സംഗക്കാര, മഹേല ജയവർധനെ എന്നിവരും പ്രതിഷേധക്കാർക്ക് പിന്തുണയുമായി രംഗത്തുണ്ട്.
#WATCH | Sri Lankan cricketer Chamika Karunaratne speaks to ANI; says, "We've to go for practices in Colombo&to different other places as club cricket season is on but I've been standing in queue for fuel for past 2 days. I got it filled for Rs 10,000 which will last 2-3 days..." pic.twitter.com/MkLyPQSNbZ
— ANI (@ANI) July 16, 2022