
ലക്നൗ: ഇതരജാതിക്കാരനെ പ്രണയിച്ച പത്തൊൻപതുകാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു. ഫിറോസാബാദ് സ്വദേശിയായ മനോജ് റാത്തോഡാണ് (42) മകൾ രുചി റാത്തോഡിനെ കൊലപ്പെടുത്തിയത്. ഇന്നലെയാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മനോജിന്റെ നാല് മക്കളിൽ മൂത്തവളാണ് രുചി. കഴിഞ്ഞ ഒരു വർഷമായി സുധീർ കുമാർ എന്നയാളുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. എന്നാൽ ബന്ധം മനോജ് എതിർത്തു. ഇതുവകവയ്ക്കാതെ രുചി യുവാവുമായി ബന്ധം തുടരുകയും, ഇടയ്ക്കിടെ ഇരുവരും കാണുകയും ചെയ്തിരുന്നു.
ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തിയപ്പോൾ മകൾക്കൊപ്പം കാമുകനെയും മനോജ് കണ്ടു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. വ്യാഴാഴ്ച അർദ്ധരാത്രി ഉറങ്ങുകയായിരുന്ന മകളുടെ കഴുത്തറക്കുകയായിരുന്നു. വെള്ളിയാഴ്ച ഒമ്പത് മണിയായിട്ടും മകളെ കാണാതായാതോടെ മാതാവിന് സംശയം തോന്നി. അപ്പോഴാണ് മകളെ കൊന്നെന്ന് പ്രതി ഭാര്യയോട് പറയുന്നത്. ഉടൻ അവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.