sdpi

ന്യൂഡല്‍ഹി: പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എസ്‌.ഡി.പി.ഐ കേന്ദ്രകമ്മിറ്റി ഓഫീസിന്റെ ഡൽഹിയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കേസിലെ പതിനൊന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് കേന്ദ്രകമ്മിറ്റി ഓഫീസിന്റെ അക്കൗണ്ടിൽ നിന്നു പണം എത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

ശ്രീനിവാസന്റെ കൊലപാതകത്തിന് മുൻപും ശേഷവും ഈ അക്കൗണ്ടിലേയ്ക്ക് പണമെത്തിയിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാനറ ബാങ്ക് നടപടിയെടുത്തിരിക്കുന്നത്.

ഏപ്രിൽ പതിനാറിന് ഉച്ചയ്‌ക്ക് മേലാമുറി ജംഗ്‌ഷനിലെ സ്വന്തം കടയിൽവച്ചാണ് ആർ.എസ്.എസ് പ്രവർത്തകനായ ശ്രീനിവാസൻ ആക്രമണത്തിനിരയായത്. കൊലയാളികൾ രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.

പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി സ്വദേശി സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു ശ്രീനിവാസന്റെ കൊലപാതകം. കേസിൽ ഇരുപത്തി ആറ് പ്രതികളില്‍ ഇരുപത്തി അഞ്ചുപേരും അറസ്റ്റിലായിട്ടുണ്ട്.