
കൊച്ചി: പോക്സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറ് മാസം ഗർഭാവസ്ഥയിലുള്ള കുഞ്ഞിനെ പുറത്തെടുക്കാൻ കേരള ഹൈക്കോടതിയുടെ അനുമതി. ആരോഗ്യനില പരിഗണിച്ച് ഗർഭഛിദ്രം അനുവദിക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുഞ്ഞിന്റെ ഉത്തരവാദിത്തം പെൺകുട്ടി ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണമെന്നാണ് നിർദേശം. ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്.
കുഞ്ഞിനെ പുറത്തെടുക്കുന്നതിനായി അടിയന്തരമായി മെഡിക്കൽ ബോർഡ് രൂപീകരിച്ച് നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിനമായ വേദന വർദ്ധിക്കുമെന്നും കോടതി വിലയിരുത്തി. പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെങ്കിൽ മികച്ച ചികിത്സ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. കേസ് പത്തുദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി. നിലവിൽ, ആറുമാസം പിന്നിട്ട ഗർഭസ്ഥ ശിശുവിനെ ഗർഭഛിദ്രം നടത്താൻ അനുമതിയില്ലെന്നിരിക്കെയാണ് പെൺകുട്ടിക്കു വേണ്ടി കോടതിയുടെ മനുഷ്യത്വപരമായ ഇടപെടൽ.