
പി. എസ്. ശ്രീധരൻപിള്ളയുമായി ഞാൻ പരിചയപ്പെട്ടിട്ട് ഏറെ ആയിട്ടില്ല. എന്നാൽ അദ്ദേഹത്തെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി. വളരെയേറെ തിരക്കുള്ള, കക്ഷികളുടെ വിശ്വാസം ആർജ്ജിച്ച ഒരു അഭിഭാഷകൻ, പ്രഗൽഭനായ ഒരു വാഗ്മി, ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ ഉന്നതനായ നേതാവായിരിക്കുമ്പോഴും ജാതി, മത, രാഷ്ട്രീയ ഭേദമന്യേ സർവരുടേയും സ്നേഹബഹുമാനങ്ങൾ നേടിയിട്ടുള്ള ഒരു അപൂർവ വ്യക്തി, ആദരണീയനായ ഒരു ഭരണാധികാരി, സർവ്വോപരി എല്ലാ തിരക്കുകൾക്കിടയിലും വാഗ്ദേവിയുമായി സാർത്ഥകമായി സല്ലപിക്കാൻ സമയം കണ്ടെത്തുന്ന ഒരു സാഹിത്യകാരൻ ഇതെല്ലാം ആണല്ലോ ഇപ്പോൾ ഗോവ ഗവർണറായ പി. എസ്. ശ്രീധരൻപിള്ള.
ശ്രീധരൻപിള്ളയുടെ നൂറ്റിയൻപതാമത്തെ പുസ്തകമാണ് 'തത്ത വരാതിരിക്കില്ല'. ആദ്യത്തെ കഥയുടെ പേര് തന്നെയാണ് സമാഹാരത്തിന് ഇട്ടിരിക്കുന്നതും. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയും ഇതുതന്നെ. ഇതിലെ പഞ്ചവർണ്ണക്കിളി തത്തമ്മയുടെ മനോഹരമായ അംഗവിക്ഷേപങ്ങളും, കൊഞ്ചലുകളും എന്റെ മനസ്സിനെ ഇപ്പോഴും തരളിതമാക്കുന്നു. അത്യന്തം ഹൃദയസ്പർശിയായ ഒരു ഫാന്റസിയാണ് ഇതെന്ന് പറയാൻ ഞാൻ അശേഷം മടിക്കുന്നില്ല. നമ്മുടെ ഭാഷയിൽ മികച്ച ഫാന്റസികൾ അധികമൊന്നും ഇല്ലെന്ന് ഓർക്കേണ്ടതുണ്ട്. പരിണതപ്രജ്ഞനായ ഈ എഴുത്തുകാരന്റെ കാവ്യദ്യോവിലൂടെയുള്ള സഞ്ചാരം ഇനിയും കൂടുതൽ കൂടുതൽ വിജയകരമാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്,
സ്നേഹപൂർവ്വം.
ടി. പത്മനാഭൻ
(എനിക്കേറ്റവും സന്തോഷം നൽകുന്ന ഒരു വാർത്ത നിങ്ങളെ അറിയിക്കുകയാണ്. മലയാള സാഹിത്യത്തറവാട്ടിലെ ഉജ്ജ്വല പ്രതിഭയായ ടി.പത്മനാഭൻ എന്റെ നൂറ്റിയൻപതാമത്തെ പുസ്തകമായ 'തത്ത വരാതിരിക്കില്ല' എന്ന കഥാസമാഹാരത്തെ വിലയിരുത്തി ശ്ലാഘിച്ചുകൊണ്ട് അയച്ചു തന്ന കുറിപ്പാണിത്.. പുസ്തകത്തിന്റെ പി ഡി എഫ് കോപ്പി അയച്ചു കൊടുത്ത് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം പ്രതികരിച്ചത് വലിയൊരു ബഹുമതിയായി ഞാൻ കരുതുന്നു. പുസ്തകം ജൂലായ് 31 ന് തിരുവല്ലയിൽ തമിഴ്നാട് ഗവർണർ ആർ.എൻ. രവി പ്രകാശനം ചെയ്യും
---അഡ്വ.പി.എസ്.ശ്രീധരൻ പിള്ള, ഗവർണർ, ഗോവ.)