photo

കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തിനു മാതൃകയാവുമ്പോൾ നമ്മുടെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് വിളമ്പുന്നത് വിഷം തീണ്ടിയ പച്ചക്കറികളാണെന്ന യാഥാർത്ഥ്യം അധികൃതരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയിൽപ്പെടുന്നുണ്ടോ? അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പച്ചക്കറി കീടനാശിനിയുടെ കലവറയാണെന്ന് ഓരോ കേരളീയനും അറിയാമെന്നിരിക്കെയാണ് നമ്മുടെ കുട്ടികൾ സ്‌കൂളുകളിൽ ഈ വിഷപ്പച്ചക്കറി രുചിക്കുന്നത് . ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾ ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ ഇതാണ് കഴിക്കുന്നത്. വീടുകളിൽ പച്ചക്കറികൾ കുറച്ചുസമയം ഉപ്പ്,​ മഞ്ഞൾപൊടി എന്നിവ ചേർത്ത വെള്ളത്തിലിട്ട് വിഷാംശം പരമാവധി നീക്കിയാണ് പാചകം ചെയ്യുന്നത്. എന്നാൽ സ്‌കൂളുകളിൽ ഇത്തരത്തിൽ വിഷാംശം നീക്കി കറിവയ്ക്കാൻ പാചകത്തൊഴിലാളികൾക്ക് സമയം ലഭിക്കില്ല.
ആയതിനാൽ സ്‌കൂൾ ഉച്ചഭക്ഷണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ ചില നിർദേശങ്ങൾ അധികൃതർക്ക് മുൻപാകെ സമർപ്പിക്കുകയാണ്.


1) എൽ.പി മുതൽ ഹൈസ്‌കൂൾ വരെയുള്ള ക്ലാസുകളിൽ ആഴ്ചയിൽ ഒരു പീരിയഡ് കാർഷികാഭിരുചി വർദ്ധിപ്പിക്കാൻ മാറ്റിവയ്ക്കാം. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ ക്ലാസ് മുറികളിൽ ഒതുങ്ങുന്ന കുട്ടികൾ പ്രകൃതിയിലേക്ക് ഇറങ്ങി കൃഷിപാഠങ്ങൾ പഠിക്കട്ടെ. ഒപ്പം അദ്ധ്യാപകരും ചേരുക. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ജൈവപച്ചക്കറിയിലൂടെ ഭക്ഷണം സുരക്ഷിതമാവും.
2) 'ഞങ്ങളും കൃഷിയിലേക്കെന്ന' സർക്കാർ പദ്ധതി എല്ലാ സ്‌കൂളുകളിലും നടപ്പാക്കാം. അതിന്റെ കാര്യക്ഷമമായ നടത്തിപ്പിന്, ഗവൺമെന്റിന്റെയും സ്‌കൂൾ പി.ടി.എ യുടെയും സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയോ കുടുംബശ്രീ പദ്ധതിയോ പ്രയോജനപ്പെടുത്താം.
3) ഓരോ സ്‌കൂളിനും സമീപമുള്ള രണ്ട് (തൊഴിലുറപ്പ് /കുടുംബശ്രീ ) തൊഴിലാളികളെ ഈ പദ്ധതിക്കായി നിയമിച്ചാൽ അവരുടെ കാർഷിക പരിപാലന രീതികൾ, കുട്ടികൾക്ക് പരിശീലിക്കാം . ഇതിലൂടെ ലഭിക്കുന്ന പച്ചക്കറി സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉപയോഗിക്കാനും കഴിയും.
4)വലിയ ബുദ്ധിമുട്ടില്ലാതെ കൃഷി ചെയ്യാൻ കഴിയുന്ന പാവയ്‌ക്ക,കോവയ്‌ക്ക, മുരിങ്ങ,വഴുതന, പച്ചമുളക് കറിവേപ്പ്,തുടങ്ങിയ വിളകൾക്ക് മുൻഗണന കൊടുത്ത് കൃഷി കൂടുതൽ കാര്യക്ഷമമാക്കാം.
5) കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലും കൃഷി ചെയ്യാൻ സ്ഥലമില്ലാത്തതുമായ സ്‌കൂളുകളിലും പി.ടി.എ യുടെ സഹായത്തോടെ പച്ചക്കറിത്തോട്ടമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും വീടുകളിൽ അധികം വരുന്ന പച്ചക്കറികളും നാടൻ കാർഷിക വിഭവങ്ങളായ ചേമ്പ് ചേന,കാച്ചിൽ, കായ് വർഗങ്ങൾ, തുടങ്ങിയവയും സ്കൂളിന് സംഭാവന ചെയ്യുന്ന രീതി സ്കൂൾ ഭക്ഷണം സുരക്ഷിതമാക്കാൻ സഹായിക്കും. അടുത്ത സമയത്ത് ആലപ്പുഴ ജില്ലയിലെ താമരക്കുളം വി.വി.എച്ച്.എസ്.എസ്സ് സ്‌കൂളിൽ ഈ പദ്ധതി നടപ്പാക്കിത്തുടങ്ങി. വലിയ സഹകരണമാണ് ഇതിന് ലഭിക്കുന്നത്.
ഈ വിഷയം ചൂണ്ടികാണിച്ചു കൊണ്ട് നിരവധി തവണ അധികൃതർക്ക് പരാതി സമർപ്പിച്ചിട്ടുണ്ട് ഈ ലേഖകൻ. ഇതിന് നിരവധി ഉത്തരവുകളും നടപടികളും വന്നിട്ടുണ്ടെങ്കിലും നാളിതുവരെ സ്ഥായിയായ ഒരു പരിഹാരം ഉണ്ടായിട്ടില്ലെന്നത് ഖേദകരമാണ്. ആരോഗ്യമുള്ള ഒരു തലമുറയ്‌ക്കായി ഈ വിഷയത്തിൽ അനുഭാവ പൂർണ്ണമായ തീരുമാനം കൈക്കൊള്ളുമെന്ന വിശ്വാസത്തോടെ...

(ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസ്സ് അധ്യാപകനായ ലേഖകൻ സംസ്ഥാന അദ്ധ്യാപക വനമിത്ര അവാർഡ് ജേതാവും ബാലാവകാശ പ്രവർത്തകനുമാണ് ഫോൺ : 9496241070)