
പത്തനംതിട്ട: ഭരണഘടന വിരുദ്ധ പരാമർശം അടങ്ങിയ സജി ചെറിയാന്റെ പ്രസംഗത്തിന്റെ മുഴുവൻ സമയ വീഡിയോ സൂക്ഷിച്ചിട്ടില്ലെന്ന് പൊലീസിന് സംഘാടകർ മൊഴി നൽകി.
പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാനെതിരെ നൽകിയ കേസിൽ സി.പി.എം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി അടക്കം പത്തുപേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഏരിയാ സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ ബിനു വർഗീസ്, കൺവീനർ കെ. രമേശ് ചന്ദ്രൻ തുടങ്ങിയവരുടെ മൊഴിയാണെടുത്തത്. 20 പേർക്ക് ഇന്ന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. രണ്ട് മണിക്കൂറിലേറെ നീണ്ടുനിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കണമെന്നും നോട്ടീസിൽ നിർദ്ദേശിച്ചിരുന്നു
എന്നാൽ തങ്ങളുടെ കൈവശം ദൃശ്യങ്ങൾ ഇല്ലെന്നാണ് ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ നൽകിയ വിശദീകരണം. ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്ത ദൃശ്യം വിവാദമായതിനെ തുടർന്ന് നീക്കം ചെയ്തുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ദൃശ്യങ്ങൾ പകർത്തിയ വീഡിയോഗ്രാഫറും വീഡിയോ കൈവശമില്ലെന്നാണ് മറുപടി നൽകിയത്. ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്ത വീഡിയോ വീണ്ടെടുക്കാൻ പൊലീസ് സൈബർ ഫോറൻസിക് വിഭാഗത്തിനെ സമീപിക്കും. .
രാജി ഉൾപ്പെടെയുള്ള സംഭവങ്ങളിലേക്ക് നയിച്ച സജി ചെറിയാന്റെ വിവാദ പ്രസംഗമുണ്ടായത് സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു.