drug

മെക്സിക്കോ സിറ്റി : കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തലവൻ റാഫേൽ കാറോ ക്വിന്റെറോയെ പിടികൂടി മെക്സിക്കൻ നേവി. വെള്ളിയാഴ്ച സിനലോവ സംസ്ഥാനത്തെ ചോയ്‌ക്സ് പട്ടണത്തിൽ നിന്നാണ് ഒളിവിലായിരുന്ന റാഫേലിനെ പിടികൂടിയത്. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റാഫേലിനെ വിട്ടുകിട്ടാനുള്ള നടപടികൾ ആരംഭിക്കുമെന്ന് യു.എസ് അറ്റോണി ജനറൽ മെറിക് ഗാർലാൻഡ് അറിയിച്ചു.

യു.എസ് സുരക്ഷാ ഏജൻസിയായ എഫ്.ബി.ഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലെ ആദ്യ പത്ത് പേരിൽ ഒരാളാണ് അറുപത്തിയൊമ്പതുകാരനായ റാഫേൽ. 1985ൽ യു.എസ് ഡ്രഗ് എൻഫോഴ്സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ ഏജന്റായ എൻറികെ കമറീനയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് കടത്ത് സംഘങ്ങളെ അകത്താക്കാൻ റെയ്ഡ് ശക്തമാക്കിയതോടെയാണ് കമറീനയെ റാഫേൽ വധിച്ചത്.

കേസിൽ 28 വർഷത്തെ ജയിൽ വാസത്തിന് ശേഷം റാഫേലിനെ 2013ൽ മെക്സിക്കൻ കോടതി മോചിപ്പിച്ചിരുന്നു. 40 വർഷത്തെ തടവായിരുന്നു റാഫേലിന് വിധിക്കപ്പെട്ടിരുന്നത്. ഇതിനെതിരെ യു.എസ് ഭരണകൂടം രംഗത്തെത്തിയതോടെ മെക്സിക്കൻ സുപ്രീം കോടതി വിധി റദ്ദാക്കിയിരുന്നു. ഇതിനിടെ ഒളിവിൽ പോയ റാഫേലിനെ പിടികൂടി കൈമാറണമെന്ന് യു.എസ് മെക്സിക്കയോട് ആവശ്യപ്പെട്ടിരുന്നു.

മെക്സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് സംഘമായ ഗ്വാഡലഹാരയുടെ സ്ഥാപകരിൽ ഒരാളാണ് റാഫേൽ. ഒളിവിൽ പോയ റാഫേൽ മയക്കുമരുന്ന് കടത്തിലേക്ക് കടന്നിട്ടുണ്ടെന്ന് അറിയിച്ച യു.എസ്, ഇയാളെ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നവർക്ക് 2 കോടി യു.എസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

 ഹെലികോപ്റ്റർ തകർന്നു : 14 മരണം

സിനലോവയിലെ ലോസ് മൊച്ചിസ് നഗരത്തിൽ മെക്സിക്കൻ നേവിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്ന് വീണ് 14 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് അറിയിച്ച നേവി അപകടത്തിന് റാഫേലിന്റെ അറസ്റ്റുമായി ബന്ധമുണ്ടോ എന്ന് വ്യക്തമാക്കിയില്ല.

റാഫേലിനെ പിടികൂടാനുള്ള ഓപ്പറേഷനിൽ പങ്കെടുത്ത നാവികസേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്. റാഫേലുമായി പോവുകയായിരുന്ന വിമാനത്തിന് അകമ്പടി പോയ ഹെലികോപ്റ്ററാണിതെന്നാണ് വിവരം. അപകടത്തിൽ നിന്ന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ഒരു സൈനികൻ ചികിത്സയിലാണ്.

 വലയിലാക്കിയത് മാക്സ്

കു​റ്റിക്കാട്ടിൽ ഒളിച്ചിരുന്ന റാഫേലിനെ കുടുക്കിയത് 'മാക്സ് " എന്ന പ്രത്യേക പരിശീലനം ലഭിച്ച നായ ആണ്. ആറ് വയസുകാരിയായ മാക്സിന് പ്രതികളെ മണത്തു കണ്ടുപിടിക്കാൻ അപാര കഴിവാണെന്ന് മെക്സിക്കൻ നേവി പറയുന്നു. 35 കിലോ ഭാരമുണ്ട് ബ്ലഡ്‌ഹൗണ്ട് ഇനത്തിൽപ്പെട്ട മാക്സിന്.