
കോഴിക്കോട്: വടക്കൻ കേരളത്തിലുണ്ടായ കനത്ത മഴയിൽ മൂന്ന് മരണം, വ്യാപക നാശം. കോഴിക്കോട് ജില്ലയിൽ രണ്ടും വയനാട് ഒരാളുമാണ് മരിച്ചത്. വയനാട് അമ്പലവയലിൽ തോമാട്ടുചാൽ കാട്ടികൊല്ലി നെടുമുള്ളിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ നിർമാണത്തിനിടെ മൺതിട്ട ഇടിഞ്ഞു വീണാണ് കോളിയാടിൽ നായ്ക്കമ്പാടി കോളനിയിലെ ബാബു (35) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേനയും അമ്പലവയൽ പൊലീസും നാട്ടുകാരും ചേർന്ന് ജെ.സി.ബിയുടെ സഹായത്താൽ മണ്ണ് നീക്കിയാണ് ബാബുവിനെ പുറത്തെടുത്തത്. സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ അറക്കൽപ്പാടം അമ്മോത്ത് വീട്ടിൽ മുസാഫിറിന്റെ മകൻ മുഹമ്മദ് മിർഷാദ് (13) കുളത്തിൽ വീണാണ് മരിച്ചത്. മദ്രസ പഠനം കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കുളത്തിൽ തെന്നി വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആലിശേരിയിൽ പായൽ നിറഞ്ഞ അമ്പലകുളത്തിൽ വീണാണ് എടച്ചേരി ആലിശേരി മാമ്പയിൽ അഭിലാഷ് (41) മരിച്ചത്. പായലും ചെളി വെള്ളവും നിറഞ്ഞ കുളത്തിൽ വീണതറിഞ്ഞ് നാദാപുരം അഗ്നിശമനസേനയിൽ നിന്നെത്തിയ സംഘം കുളത്തിൽ തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
മാവൂരിൽ കൺവെൻഷൻ സെന്ററിലേക്ക് പാർശ്വഭിത്തി ഇടിഞ്ഞുവീണ് വിവാഹ പാർട്ടിയുടെ ഭക്ഷണമുൾപ്പെടെ നശിച്ചു. മാവൂർ പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ വിവാഹം നടക്കുന്നതിനിടെ ഗ്രാസിം ഫാക്ടറിയുടെ പാർശ്വഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. അടുക്കളയിലേക്ക് കല്ലുംമണ്ണും കുത്തിയൊലിച്ചെത്തി. ഭക്ഷണം വിളുമ്പുന്ന ഹാളിലും വെള്ളം കയറി. മാവൂർ പുളിക്കണ്ടി സ്വദേശിയുടേതായിരുന്നു വിവാഹം.
മലപ്പുറത്ത് കനത്തമഴയിൽ ദേശീയപാതയിൽ വെള്ളം കയറി. കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ കൊണ്ടോട്ടി, വള്ളുവമ്പ്രം എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.
പ്രളയത്തിൽ വൻദുരന്തമുണ്ടായ കവളപ്പാറയിൽ ഏതാനും ആദിവാസി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.