
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയരുന്നു. സെക്കൻഡിൽ 4021 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. നിലവിൽ 135.40 അടിയായി അണക്കെട്ടിലെ ജലനിരപ്പുയർന്നിട്ടുണ്ട്. ജലനിരപ്പ് 136യിൽ ഉടനെയെത്തുമെന്ന് തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റൂൾ കർവ് അനുസരിച്ച് 19ാം തീയതി വരെ 136.30 അടി വെള്ളം അണക്കെട്ടിൽ പരമാവധി സംഭരിക്കാം. 1867 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഇപ്പോൾ അണക്കെട്ടിൽ നിന്ന് കൊണ്ടുപോകുന്നത്.
അണക്കെട്ടിലെ ജലനിരപ്പുയർന്നതോടെ മഞ്ചുമല ലിസേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മഴ തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.