
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അക്കാഡമി നടത്തുന്ന മൂന്നാമത് വനിതാ ചലച്ചിത്രമേളയിൽ നിന്ന് സ്വന്തം സിനിമ ഒഴിവാക്കിയതിനെതിരെ പ്രതിഷേധിച്ച വനിതാ സംവിധായികയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. സംവിധായിക കുഞ്ഞില മസിലമണിയാണ് ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ചത്.
ഇന്ന് വൈകിട്ട് 6ന് നടന്ന ഉദ്ഘാടന ചടങ്ങിലേക്ക് അതിഥികൾ എത്തുന്ന സമയത്തായിരുന്നു പ്രതിഷേധം.
തന്റെ ചിത്രം ഇല്ലെങ്കിലും ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ എത്തുമെന്നും ഗസ്റ്റ് പാസും പ്രസംഗിക്കാൻ അവസരവും തരണമെന്നും അവർ രാവിലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. വൈകിട്ട് തിയേറ്ററിൽ എത്തിയശേഷം അക്കാഡമി ചെയർമാൻ രഞ്ജിത്തിനോട് ചിത്രം ഒഴിവാക്കിയതിനെ പറ്റി ചോദിക്കുന്നത് ഫേസ്ബുക്ക് ലൈവ് ഇട്ടിരുന്നു. റെക്കോർഡിംഗ് ഒഴിവാക്കാൻ രഞ്ജിത്ത് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.
അതിനുശേഷമാണ് പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്. കെ.കെ.രമ എം.എൽ.എയോട് എങ്ങനെയാണോ സർക്കാർ പെരുമാറുന്നത് അങ്ങനെയാണ് തന്നോടും പെരുമാറുന്നത്. തന്റെ ചിത്രം ബോധപൂർവം ഒഴിവാക്കിയതാണെന്നും ചെയർമാന്റെ രാഷ്ട്രീയ നിലപാടാണ് തന്റെ ചിത്രം ഒഴിവാക്കാൻ കാരണമെന്നുമായിരുന്നു ആരോപണം.