
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ കിട്ടുക. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
കനത്ത മഴ ലഭിച്ച മലയോര മേഖലകളിൽ പ്രത്യേകം ജാഗ്രത വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദങ്ങളും മഹാരാഷ്ട്ര മുതൽ ഗുജറാത്ത് വരെയുള്ള ന്യൂനമർദപാത്തിയുമാണ് മഴയ്ക്ക് കാരണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. നാളെ ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച കൊണ്ട് 259 മില്ലീമീറ്റര്‍ മഴയാണ് പെയ്‌തത്.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയിലെത്തി. സെക്കൻഡിൽ 4000 ഘനയടി വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് കേരളത്തിന് ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.