monkey-pox

തിരുവനന്തപുരം: മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ നിരീക്ഷണം ശക്തമാക്കും. വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ ആർക്കെങ്കിലും രോഗ ലക്ഷണങ്ങളുണ്ടോയെന്നറിയാൻ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കും.

സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിമാനത്താവളങ്ങളിലെ ജീവനക്കാർക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ചിക്കൻ പോക്‌സിന് സമാനമായ ലക്ഷണങ്ങൾ ഉള്ളവർക്കായി ജില്ലകളിൽ റാൻഡം പരിശോധന ഉടൻ ആരംഭിക്കും.


അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മങ്കിപോക്സ് ബാധിതനായ മുപ്പത്തിയഞ്ചുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. യുവാവിന്റെ സമ്പർക്കപ്പട്ടികയിലുള്ള മാതാപിതാക്കളും, വിമാനത്തിലെ സഹയാത്രികരുമടക്കമുള്ളവർ നിരീക്ഷണത്തിലാണ്. നിലവിൽ ഇവർക്കാർക്കും രോഗലക്ഷണങ്ങളില്ല.

കേന്ദ്ര സംഘം ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സംഘം ഇന്ന് മങ്കിപോക്സ് ബാധിതന്റെ പ്രദേശത്ത് സന്ദർശനം നടത്തും. ജില്ലാ ആരോഗ്യവിഭാഗത്തിന് മാർഗനിർദേശങ്ങൾ നൽകും.