
പറവൂർ: വിദേശത്തുള്ള മകന് ആപത്തുണ്ടാകുമെന്നും പൂജചെയ്ത് തടയാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്തു. വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയായ കൊച്ചുത്രേസ്യയുടെയാണ് സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കൈലി മുണ്ടും ഷർട്ടും ധരിച്ച രണ്ട് പുരുഷന്മാർ കൊച്ചുത്രേസ്യയുടെ വീട്ടിലെത്തി ഏറെ നേരം കുടുംബ വിശേഷങ്ങൾ സൗഹൃദപരമായി സംസാരിച്ച ശേഷം മകന് വലിയ ആപത്തുണ്ടാകുമെന്നും പ്രത്യേക പൂജകൾ ചെയ്യണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
പൂജ ചെയ്യാൻ സ്വർണം ആവശ്യമാണെന്നും പൂജയ്ക്ക് ശേഷം മൂന്ന് മണിയോടെ തിരിച്ചെത്തിക്കാമെന്നും ഉറപ്പ് നൽകി വീട്ടമ്മയുടെ ഒന്നര പവന്റെ മാലയും അര പവനും കാൽ പവനും വരുന്ന ഓരോ മോതിരങ്ങളും യാത്രാ ചെലവിനായി 1400 രൂപയും വാങ്ങിച്ചു.
സ്വർണം കൊടുക്കാൻ ആദ്യം വീട്ടമ്മ തയ്യാറായില്ല. എന്നാൽ, മകന് ആപത്തുണ്ടാകുമെന്ന് വീണ്ടും ആവർത്തിച്ചതോടെയാണ് വീട്ടമ്മ സ്വർണ്ണം നൽകിയത്. വൈകിട്ടായിട്ടും ഇവർ തിരികെ എത്താതായതോടെ വീട്ടമ്മ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് വടക്കേക്കര പൊലീസിൽ പരാതി നൽകി.
മുമ്പൊരിക്കൽ ഇവർ വീട്ടിലെത്തി മകന് ഗൾഫിൽ തന്നെ കൂടുതൽ നല്ല ജോലി കിട്ടാനായി പൂജ ചെയ്യാമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും 2000 രൂപ വാങ്ങിയിരുന്നു. പ്രദേശത്തെ പലയിടത്തും ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇവർ പല വീടുകളിലും കയറിയിറങ്ങി പണം വാങ്ങിയിട്ടുണ്ട്. സമീപവാസികളിൽ നിന്ന് വീട്ടുകാരുടെ വിവരങ്ങൾ ശേഖരിച്ചതിന് ശേഷമാണ് വീടുകളിൽ എത്തുന്നത്. സംഭവത്തിൽ വടക്കേക്കര പൊലീസ് കേസെടുത്തു.