
ഭോപ്പാൽ: ഭാര്യയെ കൊല്ലാൻ മരുമകൾക്ക് ക്വട്ടേഷൻ നൽകി അമ്പത്തിയൊന്നുകാരൻ. മദ്ധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. കേസിൽ വാൽമീകി കോൾ എന്നയാളെയും മരുമകൾ കാഞ്ചൻ കോളിനെയും(25) പൊലീസ് അറസ്റ്റ് ചെയ്തു.
വാൽമീകി കോൾ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ഇതിനുവേണ്ടിയാണ് ഭാര്യ സരോജിനെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഭാര്യയും മരുമകളും തമ്മിൽ യോജിപ്പില്ലെന്ന് അറിയാമായിരുന്ന പ്രതി അത് മുതലെടുക്കുകയായിരുന്നു.
ഭാര്യയുടെ കഴുത്തറുക്കാൻ 4000 രൂപയാണ് ഇയാൾ മരുമകൾക്ക് നൽകിയതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ എല്ലാ മാസവും ഒരു നിശ്ചിത തുക നൽകുമെന്നും മരുമകൾക്ക് വാഗ്ദ്ധാനം ചെയ്തിരുന്നു. ഈ മാസം പന്ത്രണ്ടിനാണ് സരോജിനെ (50) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതകം നടന്ന ദിവസം വാൽമീകി സത്നയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. കാഞ്ചന്റെ ഭർത്താവും സ്ഥലത്തില്ലായിരുന്നു. യുവതി ഇരുമ്പ് പാത്രം കൊണ്ട് ഭർതൃമാതാവിനെ ആക്രമിച്ചു. ബോധരഹിതയായി വീണപ്പോൾ അമ്മായിയപ്പൻ നൽകിയ അരിവാളുകൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.