
ഭംഗിയുള്ള ചുണ്ടുകൾ ഏതൊരാളുടെയും സൗന്ദര്യം വർദ്ധിപ്പിക്കും. ചുണ്ടിന്റെ വരൾച്ച, കറുപ്പ് തുടങ്ങി നിരവധി പ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വില കൂടിയ ട്രീറ്റ്മെന്റുകൾ തേടിപ്പോകുന്നവരാണ് പലരും. എന്നാൽ ഇനി അതൊന്നും വേണ്ട. ഇതിനായി എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. ലിപ്‌സ്റ്റിക്കിടാതെ തന്നെ ചുണ്ടുകൾ മനോഹരമാക്കാം ഈ വഴികളിലൂടെ.
1. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുക. ഇത് ചുണ്ടുകളെ മോയ്‌സ്ചറൈസ് ചെയ്ത് മൃദുവായിരിക്കാൻ സഹായിക്കുന്നു.
2. പച്ച നിറത്തിലുള്ള പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
3. കിടക്കുന്നതിന് തൊട്ടുമുമ്പായി തണുത്ത വെള്ളം കോട്ടണിൽ മുക്കി ചുണ്ടുകൾ നന്നായി തുടയ്ക്കുക.
4. ചുണ്ടുകൾ വൃത്തിയാക്കുന്നതിനായി വെള്ളമോ, മേയ്ക്കപ്പ് റിമൂവറോ, ക്രീമോ ഉപയോഗിക്കാവുന്നതാണ്. ശേഷം അഞ്ച് മുതൽ പത്ത് മിനിട്ട് വരെ മസാജ് ചെയ്യണം. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചുണ്ടുകളെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.
5. വിറ്റാമിൻ എ, ഇ അടങ്ങിയ ക്രീം ചുണ്ടിൽ പുരട്ടി പത്ത് മിനിട്ടിന് ശേഷം കഴുകിക്കളയുക. ഇത് വരൾച്ച കുറയ്ക്കാൻ സഹായിക്കുന്നു.
6. പുറത്തുപോകുമ്പോൾ ലിപ്ബാം ഉപയോഗിക്കാൻ മറക്കരുത്. സൂര്യപ്രകാശം, പൊടി തുടങ്ങിയവയിൽ നിന്നും ചുണ്ടുകളെ രക്ഷിക്കാൻ ഇത് സഹായിക്കുന്നു.
7. മൃതകോശങ്ങളെ നീക്കാൻ ഉണങ്ങിയ തുണി ഉപയോഗിച്ച് ചുണ്ടിൽ ഉരസാം.
8. ലിപ്‌സ്റ്റിക് ഇടുന്നതിന് മുമ്പായി ലിപ്‌ബാം ഉപയോഗിക്കണം. ഇത് ദീർഘസമയം ലിപ്‌സ്റ്റിക് ചുണ്ടിൽ നിലനിർത്താൻ സഹായിക്കും.
9. നാവുകൊണ്ട് ചുണ്ടുകൾ നനയ്ക്കുന്ന ശീലം ഒഴിവാക്കണം. ഇത് ചുണ്ടുകളെ കൂടുതൽ വരണ്ടതാക്കുന്നു.
10. അമിതമായി ചുണ്ടുകൾ വരളുന്നുണ്ടെങ്കിൽ അൽപ്പം പെട്രോളിയം ജെല്ലി പുരട്ടാവുന്നതാണ്.