
ഇസ്ലാമാബാദ് : ഇന്ത്യ പാക് വിഭജന സമയത്ത് പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ റീന ചിബർ നീണ്ട 75 വർഷങ്ങൾക്ക് ശേഷം വീണ്ടും ജന്മഗൃഹം സന്ദർശിച്ചു. 92 വയസുള്ള റീന പതിനഞ്ചാം വയസിലാണ് ഇന്ത്യയിലേക്ക് രക്ഷിതാക്കൾക്കൊപ്പം എത്തിയത്. ഇതിന് ശേഷം ഒരിക്കൽ മാത്രമാണ് കുടുംബം പാകിസ്ഥാനിലേക്ക് സന്ദർശനം നടത്താൻ അപേക്ഷ നൽകിയത്. 1965ൽ ഇന്ത്യ പാക് യുദ്ധം നടക്കുന്ന സമയമായതിനാൽ അനുമതി നിഷേധിക്കുകയായിരുന്നു.
ഇപ്പോൾ മൂന്ന് മാസത്തെ സന്ദർശക വിസയാണ് പാകിസ്ഥാൻ ഹൈക്കമ്മീഷൻ റീനയ്ക്ക് അനുവദിച്ചത്.
തന്റെ പൂർവ്വിക വീട് സന്ദർശിക്കാനായി ഇന്നലെയാണ് റീന പാകിസ്ഥാനിൽ എത്തിയത്. റാവൽപിണ്ടിയിലെ പ്രേം നിവാസിൽ സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് ഇന്ത്യ പാക് അതിർത്തിയിലെ വാഗ അട്ടാരയിലൂടെയാണ് റീനയ്ക്ക് പാകിസ്ഥാൻ പ്രവേശനം അനുവദിച്ചത്. ജന്മഗൃഹത്തിലെത്തിയപ്പോൾ തന്റെ കൗമാര കാലത്തെ ഓർമ്മകളും റീന പാക് മാദ്ധ്യമങ്ങളോട് പങ്കുവച്ചു. എല്ലാ മതങ്ങളും പരസ്പരം സാഹോദര്യത്തോടെ നിലനിന്നിരുന്ന കാലത്ത് മുസ്ലീം സമുദായത്തിൽ നിന്നടക്കം സുഹൃത്തുക്കൾ തന്റെ സഹോദരൻമാർക്കുണ്ടായിരുന്നെന്നും, അവർ വീട്ടിൽ സന്ദർശനം നടത്തുമായിരുന്നു എന്നും റീന ഓർമ്മിച്ചു. ഇന്ത്യയിൽ ദീർഘനാൾ താമസിച്ചെങ്കിലും തന്റെ പൂർവ്വിക വീടും അയൽപക്കവും തെരുവുകളും തന്റെ ഹൃദയത്തിൽ നിന്ന് നീക്കം ചെയ്യാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും റീന അഭിപ്രായപ്പെട്ടതായി ഇന്ത്യൻ യുവതിയെ ഉദ്ധരിച്ച് ദി എക്സ്പ്രസ് ട്രിബ്യൂൺ റപ്പോർട്ട് ചെയ്യുന്നു.