
മരണത്തിന് ശേഷം പ്രവചനങ്ങളിലൂടെ ജീവിക്കുന്ന ബൾഗേറിയക്കാരിയായ വാംഗേലിയ പാണ്ഡേവ ഗുഷ്‌റ്റെറോവ എന്ന ബാബ വംഗയെ അറിയാത്തവരായി ആരും കാണില്ല. അന്ധയായ ബാബ വംഗ നടത്തിയ പ്രവചനങ്ങളാണ് ഇവരെ ലോക പ്രശസ്തയാക്കാൻ കാരണം. ഇതുവരെ നടത്തിയ പ്രവചനങ്ങളിൽ 85 ശതമാനം കൃത്യതയുണ്ടെന്നതാണ് വരും വർഷങ്ങളിലും ഇവരുടെ പ്രവചനങ്ങൾക്ക് കാതോർക്കാൻ ലോകത്തെ പ്രേരിപ്പിക്കുന്നത്.
ആരാണ് ബാബ വംഗ
12ാം വയസിൽ ഒരു കൊടുങ്കാറ്റിൽ കാഴ്ചശക്തി ദുരൂഹമായി നഷ്ടപ്പെട്ട ബാബ വംഗ ജനിച്ചത് 1911ൽ വടക്കൻ മാസിഡോണിയയിലെ സ്ട്രുമിക്കയിലാണ്. നിലത്ത് നിന്നും തന്നെ ഒരു ചുഴലി കൊടുങ്കാറ്റ് ഉയർത്തിക്കൊണ്ടു പോയെന്നും നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തുകയായിരുന്നു എന്നുമാണ് ആ സംഭവത്തെ വംഗ വിശേഷിപ്പിക്കുന്നത്. കൊടുങ്കാറ്റിൽ പെട്ട് കണ്ണിൽ മണലും പൊടിയും നിറയുകയും, ഓപ്പറേഷന് വേണ്ടത്ര പണമില്ലാത്തതിനാൽ കുടുംബത്തിന് ശസ്ത്രക്രിയ നടത്തി കാഴ്ച വീണ്ടെടുക്കാൻ കഴിയാതെയാവുകയും ചെയ്തു. എന്നാൽ അപകടത്തിൽ പെട്ട തനിക്ക് ഭാവിയിലേക്ക് സംഭവിക്കുന്ന കാര്യങ്ങൾ കാണാനുള്ള കാഴ്ചശക്തി ലഭിച്ചെന്നും അവർ അവകാശപ്പെടുന്നു. 1996ൽ അന്തരിച്ചുവെങ്കിലും നൂറ്റണ്ടുകളിലേക്കുള്ള പ്രവചനങ്ങൾ നടത്തിയ ശേഷമാണ് ബാബ വംഗ മൺമറഞ്ഞത്.
പ്രവചനങ്ങൾ
കൃത്യമായ പ്രവചനങ്ങളിലൂടെയാണ് ബാബ വംഗ ജനഹൃദയങ്ങളിൽ ചേക്കേറിയത്. പ്രവചനങ്ങളിൽ പലതും ഭയപ്പെടുത്തുന്നതായിരുന്നു എന്നത് മറ്റൊരു യാഥാർത്ഥ്യം. ഈ വർഷം ബാബ വംഗ നടത്തിയ ചില പ്രവചനങ്ങൾ ശ്രദ്ധിക്കാം. വിവിധ ഏഷ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും 'തീവ്രമായ വെള്ളപ്പൊക്കങ്ങൾ' ഉണ്ടാവുമെന്ന് ബാബ വംഗ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ യൂറോപ്യൻ നഗരങ്ങൾ വരൾച്ചയുടെ പിടിയിലാവുമെന്നും പ്രവചിച്ചു. ഇതെല്ലാം നൂറ് ശതമാനവും ശരിയായി ഭവിച്ചിരിക്കുകയാണ്. ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമാണ് ഓസ്‌ട്രേലിയയെ അടുത്തിടെ ബാധിച്ചത്. സൗത്ത് ഈസ്റ്റ് ക്വീൻസ്ലാന്റിന്റെ ഭാഗങ്ങൾ, വൈഡ് ബേബർനെറ്റ്, ന്യൂ സൗത്ത് വെയിൽസ്, ബ്രിസ്‌ബേൻ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളാണ് വെള്ളത്തിനടിയിലായത്. അതേസമയം യൂറോപ്പിന്റെ മിക്കയിടങ്ങളിലും ജലക്ഷാമം രൂക്ഷമാവുകയാണ്. ഇറ്റലി ഇപ്പോൾ തന്നെ 1950 കൾക്ക് ശേഷമുള്ള ഏറ്റവും മോശമായ വരൾച്ചയെ നേരിടുന്നു. അതേസമയം പോർച്ചുഗൽ അവരുടെ പൗരന്മാരോട് അവരുടെ ജല ഉപയോഗം നിയന്ത്രിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
വരുംകാല പ്രവചനങ്ങൾ
ബാബ വംഗയുടെ വരും കാലത്തെ പ്രവചനങ്ങളും ഭയപ്പെടുത്തുന്നതാണ്. സൈബീരിയയിൽ നിന്ന് ഒരു പുതിയ മാരക വൈറസുണ്ടാവുമെന്നതാണ് 2022ലെ ബാബ വംഗയുടെ മറ്റൊരു പ്രവചനം ഇതിന് പുറമേ അന്യഗ്രഹത്തിൽ നിന്നും ഭൂമിയിലേക്ക് ആക്രമണം ഉണ്ടാവുമെന്നും, വെട്ടുക്കിളി ആക്രമണമുണ്ടാവുമെന്നും അവർ പ്രവചിക്കുന്നു. അടുത്ത വർഷം ഭൂമിയുടെ ഭ്രമണപഥം മാറുമെന്നും 2028ൽ ബഹിരാകാശ സഞ്ചാരികൾ ശുക്രനിലേക്ക് യാത്ര ചെയ്യുമെന്നും അവർ പ്രവചിച്ചിട്ടുണ്ട്. അവയവം മാറ്റിവയ്ക്കൽ വ്യാപകമാവുന്നതോടെ 2046ൽ മനുഷ്യന്റെ ആയുസ് നൂറ് കടക്കുമെന്നും അവർ പ്രവചിച്ചിട്ടുണ്ട്. കൃത്രിമ സൂര്യപ്രകാശത്തിന്റെ സഹായത്താൽ 2100ൽ രാത്രി അപ്രത്യക്ഷമാകുമെന്ന് പ്രവചിച്ചിട്ടുള്ള ബാബ വംഗ 5079ൽ ലോകം അവസാനിക്കുമെന്നും മുൻകൂട്ടി കാണുന്നുണ്ട്.
ബാബയുടെ പ്രവചനങ്ങളെ തള്ളുന്നവരും കൊള്ളുന്നവരുമുണ്ട്. അവരുടെ തെറ്റായ ചില പ്രവചനങ്ങളെ മുൻനിർത്തിയാണ് വിമർശകർ രംഗത്തുള്ളത്. ജീവിച്ചിരിക്കുന്ന കാലത്ത് അവർ നടത്തിയ പല പ്രവചനങ്ങളും തെറ്റായിരുന്നു. എന്നാൽ ഭാവി പ്രവചിക്കുന്നതിൽ അവൾക്ക് 85 ശതമാനം കൃത്യതയുണ്ടെന്ന് അനുകൂലിക്കുന്നവർ പറയുന്നു. ചെർണോബിലെ ആണവ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടൽ, 2004 ലെ തായ്‌ലൻഡ് സുനാമി, ബരാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനം എന്നിവ ഈ പ്രവചനങ്ങളിൽ ഉൾപ്പെടുന്നു.