
ലക്നൗ : ഉത്തർപ്രദേശിലെ ലക്നൗവിൽ അടുത്തിടെ തുറന്ന ലുലു മാളിൽ ഹനുമാൻ ചാലിസ ചൊല്ലിയതിന് രണ്ട് പേർ അറസ്റ്റിൽ. മാളിൽ മതപരമായ പ്രാർത്ഥനകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതിനെ പിന്നാലെയാണ് ഇന്നലെ രണ്ട് പേർ ഹനുമാൻ ചാലിസ ചൊല്ലിയത്. ഇരുവരെയും പിടികൂടിയതിന് തൊട്ടുപിന്നാലെ പതിനഞ്ചോളം പേർ പ്രതിഷേധവുമായി എത്തി. ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
രണ്ട് പേർ മാളിൽ പ്രവേശിച്ച് തറയിലിരുന്ന് ഹനുമാൻ ചാലിസ ചൊല്ലി, മാളിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പൊലീസിന് കൈമാറുകയായിരുന്നു എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) വാർത്താ ഏജൻസിയോട് പറഞ്ഞു. ഒരു സംഘം ആളുകൾ മാളിൽ നിസ്‌കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് പ്രവർത്തനം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വിവാദം പൊട്ടിപ്പുറപ്പെട്ടത്. നിസ്‌കരിക്കാൻ അനുവാദം നൽകിയാൽ രാമായണത്തിലെ സുന്ദരകാണ്ഡം ആലപിക്കുമെന്ന പ്രഖ്യാപനവുമായി ഒരു സംഘം രംഗത്തു വന്നിരുന്നു.
ഈ മാസം പത്താം തീയതിയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലുലു മാൾ ഉദ്ഘാടനം ചെയ്തത്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളാണ് ഗോൾഫ് സിറ്റിയിലെ അമർ ഷഹീദ് പാതയിൽ സ്ഥിതി ചെയ്യുന്ന ലുലു മാൾ 2.2 ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നു.