students

കല്ലാക്കുറിച്ചി: തമിഴ്‌നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നടത്തിവന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധിച്ച വിദ്യാർത്ഥികളും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. പൊലീസിന് നേരെ കല്ലേറുണ്ടായി തുടർന്ന് പൊലീസ് ആകാശത്തേക്ക് വെടിവച്ചു. എന്നാൽ ഇവർ പ്രതിഷേധത്തിൽ നിന്നും പിന്മാറാതെ പൊലീസുമായി ഏറ്റുമുട്ടി. ഇതിനിടെ പൊലീസ് വാഹനം തകർത്തു. ഇതിനുപുറമേ സ്‌കൂളിലേക്ക് കടന്ന വിദ്യാർത്ഥികൾ മുപ്പതോളം സ്‌കൂൾ ബസുൾപ്പടെ അൻപത് വാഹനങ്ങൾ കത്തിച്ചു.

കല്ലാക്കുറിച്ചിയ്‌ക്ക് സമീപം ചിന്ന സേലം എന്ന സ്ഥലത്തെ സ്വകാര്യ ഹയർസെക്കന്ററി സ്‌കൂളിൽ പ്ളസ്‌ ടു വിദ്യാർത്ഥിനി ചൊവ്വാഴ്‌ച ആത്മഹത്യ ചെയ്‌തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. രണ്ട് അദ്ധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് പെൺകുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു. ബുധനാഴ്‌ച പുലർച്ചെ സ്‌കൂൾ ഹോസ്‌റ്റലിൽ വച്ച് സ്‌കൂൾ കാവൽക്കാരനാണ് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയ നിലയിൽ പെൺകുട്ടിയെ കണ്ടത്.

പെൺകുട്ടിയുടെ കുറിപ്പിലെ ആരോപണങ്ങൾ ആരോപണവിധേയരായ അദ്ധ്യാപകർ തള‌ളി. പെൺകുട്ടിയോട് പഠിക്കാൻ പറയുക മാത്രമാണ് ചെയ്‌തതെന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്. ഇതോടെ ബുധനാഴ്‌ച പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കല്ലാക്കുറിച്ചി-സേലം ഹൈവെ ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് പെൺകുട്ടിയ്‌ക്ക് നീതിവേണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥിപ്രതിഷേധം നടന്നത്. ഇന്നത്തെ സംഭവത്തിൽ വില്ലുപുറം ഡിഐജി എം.പാണ്ഡ്യനടക്കം ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.