
കോഴിക്കോട്: അന്താരാഷ്‌ട്ര വനിതാ ചലച്ചിത്ര മേളയിൽ നിന്ന് സംവിധായിക കുഞ്ഞിലയുടെ 'അസംഘടിതർ' എന്ന ചിത്രം ഒഴിവാക്കിയതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാഡമി. കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത് പുതിയ ചിത്രങ്ങൾക്ക് അവസരം നൽകാനാണെന്നും റിലീസ് ചെയ്‌ത സിനിമകൾ മേളയിൽ പ്രദർശിപ്പിക്കുന്നില്ലെന്നും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി അജോയ് പറഞ്ഞു.
'പുതിയ സിനിമകളാണ് മലയാളം വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. അതിന്റെ ഭാഗമായാണ് 'അസംഘടിതർ' ഒഴിവാക്കിയത്. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. വിധു വിൻസെന്റിന്റെ പ്രതിഷേധത്തെയും ഞങ്ങൾ മാനിക്കുന്നു. കുഞ്ഞിലയുമായി ചർച്ച നടത്താൻ തയ്യാറാണ്. എന്നാൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ ഈ മേളയിൽ പ്രദർശിപ്പിക്കില്ല'- സി അജോയ്.
ജിയോ ബേബി ഒരുക്കിയ 'ഫ്രീഡം ഫൈറ്റ്' എന്ന ആന്തോളജി സിനിമയിലെ അഞ്ചു ചിത്രങ്ങളിലൊന്നാണ് കുഞ്ഞില സംവിധാനം ചെയ്‌ത 'അസംഘടിതർ'. മേളയില്‍ നിന്ന് സിനിമ തഴഞ്ഞതിൽ പ്രതിഷേധം ശക്തമാകുകയാണ്. കുഞ്ഞിലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മേളയില്‍ നിന്ന് വിധു വിന്‍സെന്റ് തന്റെ സിനിമ പിന്‍വലിച്ചിരുന്നു. മേളയിലെ നാല് മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു വിധുവിന്റെ 'വൈറല്‍ സെബി'.
സംസ്ഥാന ചലച്ചിത്ര അക്കാഡമി നടത്തുന്ന മൂന്നാമത് വനിതാ ചലച്ചിത്രമേളയിൽ നിന്ന് സ്വന്തം സിനിമ ഒഴിവാക്കിയതിനെതിരെയായിരുന്നു കുഞ്ഞില മസിലമണി പ്രതിഷേധിച്ചത്. മേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് അതിഥികൾ എത്തുന്ന സമയത്തായിരുന്നു പ്രതിഷേധം. വേദിയിൽ കയറിയിരുന്ന് പ്രതിഷേധിച്ച കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തന്റെ ചിത്രം ഇല്ലെങ്കിലും ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ എത്തുമെന്നും ഗസ്റ്റ് പാസും പ്രസംഗിക്കാൻ അവസരവും തരണമെന്നും കുഞ്ഞില ഫേസ്ബുക്കിൽ കുറിച്ചിരുന്നു. വൈകിട്ട് തിയേറ്ററിൽ എത്തിയശേഷം അക്കാഡമി ചെയർമാൻ രഞ്ജിത്തിനോട് ചിത്രം ഒഴിവാക്കിയതിനെ പറ്റി ചോദിക്കുന്നത് ഫേസ്ബുക്ക് ലൈവ് ഇട്ടിരുന്നു. റെക്കോർഡിംഗ് ഒഴിവാക്കാൻ രഞ്ജിത്ത് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാമായിരുന്നു. തന്റെ ചിത്രം ബോധപൂർവം ഒഴിവാക്കിയതാണെന്നും ചെയർമാന്റെ രാഷ്ട്രീയ നിലപാടാണ് ചിത്രം ഒഴിവാക്കാൻ കാരണമെന്നുമായിരുന്നു കുഞ്ഞിലയുടെ ആരോപണം.