
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ഫാക്ടറി മാനേജർ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി. ജയപ്രകാശ് (31) എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
പതിനഞ്ചുകാരി ഫാക്ടറിയിലെ തൊഴിലാളിയാണ്. പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും, ആസിഡ് കുടിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. ബലാത്സംഗം ചെയ്യാൻ ഭാര്യയാണ് പ്രതിക്ക് ഒത്താശ ചെയ്തത്. യുവതി ഒളിവിലാണ്.
ഈ മാസം രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഭാര്യയ്ക്ക് സുഖമില്ലെന്നും സഹായം വേണമെന്നും കള്ളം പറഞ്ഞാണ് പ്രതി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. ജയപ്രകാശിന്റെ ഭാര്യയെ പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു.
വീട്ടിൽവച്ച് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഈ സമയം ഭാര്യയും മുറിയിലുണ്ടായിരുന്നു. തുടർന്ന് ഈ മാസം അഞ്ചിന് റോഡിൽ തടഞ്ഞുനിർത്തി ആസിഡ് കുടിപ്പിക്കുകയായിരുന്നു. പെൺകുട്ടി ചികിത്സയിലാണ്.