nail

ഒരാൾക്ക് എത്ര വൃത്തിയുണ്ടെന്ന് അറിയണമെങ്കിൽ ആ വ്യക്തിയുടെ കാൽപാദം നോക്കണമെന്ന് പഴമക്കാർ പറയാറുണ്ട്. നെയിൽ പോളിഷ് ഇട്ട്, ആര് കണ്ടാലും മനോഹരം എന്ന് പറയുന്ന നഖങ്ങൾ ആഗ്രഹിക്കാത്തവരുണ്ടാകില്ല. സ്ത്രീകളുടെ മാത്രമല്ല പുരുഷന്മാരുടെ കാര്യത്തിലും നഖങ്ങളുടെ ഭംഗി വളരെ പ്രധാനമാണ്.

നിറം മങ്ങിയതും പൊട്ടിപ്പോകുന്നതുമായ നഖം നമ്മുടെ ആത്മവിശ്വാസം കുറയ്ക്കും. കാലുകളിലെയും കൈകളിലെയും ഭംഗി നിലനിർത്താൻ പെഡിക്യൂറും മാനിക്യൂറുമൊക്കെ ചെയ്യുന്നവരുണ്ട്. ഇതുമാത്രം പോര വേറെ ചില കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കണം.

നഖങ്ങളുടെ നിറം മാറാനും, പൊട്ടിപ്പോകാനുമുള്ള പ്രധാന കാരണങ്ങളിലൊന്ന് ഫംഗൽ അണുബാധയാണ്. കൈവിരലുകളെ അപേക്ഷിച്ച് കാൽ വിരലുകളെയാണ് ഇത് കൂടുതലായി ബാധിക്കുക. പ്രായമായവരിലും, പ്രമേഹമുള്ളവരിലുമൊക്കെയാണ് കൂടുതലായും ഇത്തരം അണുബാധ കണ്ടുവരുന്നത്.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ അകറ്റാം. അതിൽ പ്രധാനമാണ് നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുകയെന്നത്. നഖങ്ങളുടെ അടുത്ത് മുറിവുണ്ടായാൽ നിസാരമായി കാണരുത്. മരുന്നുകൾ പുരട്ടണം. പുറത്തുപോയി വന്നാൽ കാൽ വൃത്തിയായി കഴുകണമെന്നതാണ് അടുത്തകാര്യം. ഗുണമേന്മയുള്ള നെയിൽപോളിഷ് ഉപയോഗിക്കാനും വേണം ശ്രദ്ധം.