
റഷ്യയുടെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവുമധികം എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നായ സൗദി അറേബ്യയും. പാശ്ചാത്യ ഉപരോധങ്ങൾ അവഗണിച്ച് റഷ്യയിൽ നിന്നും സാധാരണ വാങ്ങുന്നതിലും ഇരട്ടി എണ്ണ ഈ വർഷം വാങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസി അവലോകനം ചെയ്ത കണക്കുകൾ പ്രകാരം രണ്ടാം പാദത്തിൽ 647,000 ടൺ റഷ്യൻ എണ്ണ സൗദി വാങ്ങിയിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 320,000 ടൺ എണ്ണയായിരുന്നു റഷ്യയിൽ നിന്നും സൗദി വാങ്ങിയത്. അതായത് വില കുറഞ്ഞ റഷ്യൻ എണ്ണ ഇരട്ടിയിലധികം സൗദി വാങ്ങിയിട്ടുണ്ട്.
യുക്രെയിനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ പുടിനെ സാമ്പത്തികമായി ഞെരുക്കുന്നതിനായി റഷ്യയ്ക്ക് മേൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യയുടെ വിലകുറഞ്ഞ എണ്ണ ഓഫർ സ്വീകരിച്ചതോടെ ഇത് ഫലപ്രദമായിരുന്നില്ല. 2021ൽ സൗദി അറേബ്യ 1.05 ദശലക്ഷം ടൺ റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്തതായി റിഫിനിറ്റീവ് ഐക്കോൺ കപ്പൽ ട്രാക്കിംഗിലൂടെ ലഭിച്ച ഡാറ്റ ഉദ്ധരിച്ച് റോയിട്ടേഴ്സ് പറഞ്ഞു.
സൗദിയുടെ വേനൽക്കാല വൈദ്യുതോൽപ്പാദനത്തിന് വേണ്ടിയാണ് റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇന്ത്യ, ചൈന അടക്കമുള്ള മിക്ക രാജ്യങ്ങളും റഷ്യൻ എണ്ണയെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈജിപ്ത് വഴിയാണ് സൗദി റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സൗദിയിൽ സന്ദർനം നടത്തുന്നതിനിടെയാണ് വിചിത്രമായ ഈ ഇറക്കുമതി വിവരം പുറത്ത് വന്നത്.