
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് മദ്യപാനികൾക്ക് വരെ അറിയാവുന്ന സത്യമാണ്. എന്നാൽ മദ്യവിൽപ്പനയുടെ കണക്ക് പുറത്ത് വരുമ്പോൾ ഈ മുന്നറിയിപ്പൊന്നും മദ്യപാനികൾ ശ്രദ്ധിക്കാറേ ഇല്ലെന്ന വസ്തുത നമുക്ക് മനസിലാവും. മദ്യവർജ്ജനത്തിനൊപ്പമാണെങ്കിലും നികുതി ഇനത്തിൽ സർക്കാരിനും ലഭിക്കുന്നുണ്ട് കോടികൾ. എന്നാൽ മദ്യപാനികൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഒരു പഠന ഫലം. മെഡിക്കൽ ജേണലായ ദി ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനത്തിൽ ഓരോരുത്തരും അവരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ എത്രത്തോളം മദ്യപിക്കാമെന്ന് വ്യക്തമാക്കുന്നു.
പുതിയ പഠനമനുസരിച്ച് നാൽപ്പത് വയസിന് താഴെയുള്ളവർ മദ്യപിക്കുന്നത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. 40 വയസ്സിന് താഴെയുള്ളവർ മദ്യപിക്കുന്നത് കൊണ്ട് അവരുടെ ശരീരത്തിൽ ഗുണപരമായ ഒരു മാറ്റവും ഉണ്ടാകുന്നില്ലെന്നും പഠനം അടവരയിടുന്നു. അതേസമയം ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാവാനുള്ള സാദ്ധ്യത കൂടുതലുമാണ്. ഇവർ ദിവസം 0.136 സ്റ്റാൻഡേർഡ് ഡ്രിങ്ക്സിൽ കുറവ് മാത്രമേ കഴിക്കാൻ പാടുള്ളു. ശുദ്ധമായ പതിനാല് ഗ്രാം ആൽക്കഹോളാണ് ഒരു സ്റ്റാൻഡേർഡ് ഡ്രിങ്കിലുള്ളത്. അതേസമയം നാൽപ്പത് മുതൽ അറുപത്തിനാല് വയസുവരെയുള്ള പുരുഷൻമാർക്ക് 0.527, സ്ത്രീകൾക്ക് 0.562 വരെയും സ്റ്റാഡേർഡ് ആൽക്കഹോൾ ഉപയോഗിക്കാം.
കൊവിഡ് നടമാടിയ 2020ലും ലോകത്തിൽ 1.78 ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണം മദ്യം മാത്രമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 1.34 ബില്യൺ ആളുകൾ ഹാനികരമായ അളവിൽ 2020ൽ മദ്യം കഴിച്ചതായി ഗവേഷണം വെളിപ്പെടുത്തി. 204 രാജ്യങ്ങളിൽ നിന്നുള്ള മദ്യ ഉപഭോഗ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. 15 മുതൽ 95 വയസ് വരെയുള്ള പുരുഷന്മാരെയും സ്ത്രീകളെയും അഞ്ച് ഗ്രൂപ്പായി തിരിച്ചാണ് പഠനം നടത്തിയത്.