ഒട്ടവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് പ്രിയങ്ക നായർ. വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരം മലയാളത്തിലും തമിഴിലും കന്നഡയിലുമായി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
'വിലാപങ്ങള്‍ക്കപ്പുറം' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും പ്രിയങ്ക സ്വന്തമാക്കിയിട്ടുണ്ട്. അന്താക്ഷരി, ട്വല്‍ത്ത് മാന്‍, ജന ഗണ മന എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ പ്രകടനം സമീപഭാവിയിൽ നടി കാഴ്‌ചവച്ചിരുന്നു.
ഇപ്പോഴിതാ, തന്റെ സിനിമാ ജീവിതത്തിലെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരം. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

'ട്വൽത്ത് മാൻ സെറ്റിലെ എല്ലാവരും ഫാമിലിയെപ്പോലെയായിരുന്നു. ജിത്തു ചേട്ടന്റെ കൂടെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നല്ലൊരു ക്യാരക്‌ടർ ആണെന്ന ഉറപ്പുണ്ടായിരുന്നു. എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്‌ത ക്യാരക്‌ടറായിരുന്നു ട്വൽത്ത് മാനിലേത്. നമുക്ക് വേണ്ട ഫ്രീഡം തരുന്ന ഡയറക്‌ടറാണ് ജിത്തു ചേട്ടൻ. ലാലേട്ടൻ എപ്പോഴും അവിടെ ഉണ്ടാകും. അദ്ദേഹം ഒരു ടീം ലീഡർ തന്നെയാണ്. നമ്മളോടൊപ്പം ഒരാളായി ലാലേട്ടൻ അവിടെ ഉണ്ടായിരുന്നു.
ഞാൻ ഭയങ്കര എക്‌സെെറ്റമെന്റോട് കൂടി കമ്മിറ്റ് ചെയ്‌ത ക്യാരക്‌ടറാണ് അന്താക്ഷരിയിലേത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും എന്റെ ക്യാരക്‌ടറിന്റെ വലിയൊരു ഏരിയ കട്ടായി പോയിട്ടുണ്ട്. ആളുകൾ വിളിച്ച് കൊള്ളാമെന്ന് പറയുമ്പോൾ എനിക്ക് ഉള്ളിൽ വിഷമം വരും. കാരണം ഞാൻ ചെയ്ത ക്യാരക്‌ടറിന്റെ പൂർണരൂപം ജനങ്ങളിലേയ്ക്ക് എത്തിയിട്ടില്ല. പല ആക്‌ടേഴ്‌സിനും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു അത്'- പ്രിയങ്ക പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം കാണാം...