murder

നോയിഡ: സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാരോപിച്ച് അഞ്ച് കൗമാരക്കാരെ കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിലാണ് സംഭവം നടന്നത്. 15ഉം 16ഉം വയസുള്ള പത്താം ക്ലാസ് വിദ്യാർത്ഥികളാണ് അതേ സ്കൂളിലെ ഏഴുവയസുകാരനെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ടിവിയിലെ ക്രൈം ഷോയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുറ്റകൃത്യം നടത്തിയതെന്ന് കുട്ടികൾ പറഞ്ഞതായി ബുലന്ദ്ഷഹർ പൊലീസ് അറിയിച്ചു.

ജൂലായ് ഒമ്പതിന് സ്കൂളിൽനിന്ന് കുട്ടിയെ അലിഗഡിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം അവിടെവച്ച് തൂവാല ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം നദിയിലേക്ക് വലിച്ചെറിഞ്ഞു. കുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നദിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഐപിസി സെക്ഷൻ 302, 201 വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തതായി സീനിയർ പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാർ പറഞ്ഞു.

പ്രതികളിലൊരാൾക്ക് സാമ്പത്തിക ഇടപാട് നടത്തുന്നതിനിടെ 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം അറിയിച്ചപ്പോൾ ഒരു കുട്ടിയെ സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാം എന്ന് സുഹൃത്തുക്കൾ പറയുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടിയെതന്നെ തട്ടിക്കൊണ്ടുപോകാൻ നേരത്തേ പദ്ധതിയിട്ടിരുന്നില്ല. കുട്ടി അന്ന് നേരത്തേ സ്കൂളിൽ എത്തിയതിനാലും ആ സമയത്ത് അധികം ആളുകളില്ലാതിരുന്നതിനാലും തട്ടിക്കൊണ്ടു പോകുകയായിരുന്നു.

അഞ്ചുപേരിൽ ഒരാളുടെ വീട് അലിഗഡിലായതിനാണ് അവിടേക്കാണ് കൊണ്ടുപോയത്. പിന്നീട് പദ്ധതി വിജയിച്ചില്ലെങ്കിൽ എന്തുചെയ്യുമെന്ന് ചിന്തിച്ച് പരിഭ്രാന്തരായ ഇവർ കുട്ടിയെ കൊല്ലുകയും മൃതദേഹം നദിയിൽ തള്ളുകയുമായിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തൂവാല പ്രദേശത്തെ കുറ്റിക്കാട്ടിൽ എറിഞ്ഞ ശേഷം ഇവർ ബുലന്ദ്ഷഹറിലേക്ക് മടങ്ങി. പിറ്റേദിവസം അലിഗഡിലെ നദിയിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ബുലന്ദ്ഷഹറിൽ നിന്ന് കാണാതായ ആൺകുട്ടിയാണെന്ന് തിരിച്ചറിയുമായിരുന്നു.

നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഇരുന്നൂറിലധികം പേരെ ചോദ്യം ചെയ്തുമാണ് പ്രതികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വിവിധ കഥകൾ പറഞ്ഞെങ്കിലും അവസാനം അഞ്ചുപേരും കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.