തലസ്ഥാനത്ത് ഡോ.കെ. ലളിത പ്രസവമെടുത്ത ആദ്യ തലമുറ ഇപ്പോൾ മുത്തശിമാരായിരിക്കുന്നു .
ആ മുത്തശിയുടെ മകളുടെയും പേരക്കുട്ടിയുടെയും പ്രസവമെടുത്ത് തലമുറകളുടെ ഡോക്ടറായി പ്രവർത്തിക്കാൻ ഭാഗ്യം സിദ്ധിച്ച 85 -ാം വയസിലും കർമ്മനിരതയായ ലളിതയുടെ ജീവിതത്തിലൂടെ

ആറു പതിറ്റാണ്ട് പിന്നിടുന്ന സേവനസപര്യ. ഒരു ലക്ഷത്തോളം കുഞ്ഞുങ്ങൾ,അല്ലെങ്കിൽ നവജാത ശിശുക്കൾ ഈ ഡോക്ടറുടെ കൈകളിലൂടെ ലോകത്തിലേക്ക് കണ്ണുതുറന്നു നോക്കിയിട്ടുണ്ട്. മെഡിക്കൽ ചികിത്സാ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് എൺപത്തിയഞ്ചാം വയസ്സിലും കർമ്മനിരതയായ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.കെ.ലളിത.ഈ പ്രായത്തിൽ പ്രസവ മുറിയിൽ(ലേബർ റൂം) സജീവമായി പ്രവർത്തിക്കുന്ന ഗൈനക്കോളജിസ്റ്റുകൾ വിരളമാണ്. തലസ്ഥാനത്ത് ഡോ.ലളിത പ്രസവമെടുത്ത ആദ്യ തലമുറ മുത്തശിമാരായിരിക്കുന്നു .ആ മുത്തശിയുടെ മകളുടെയും പേരക്കുട്ടിയുടെയും പ്രസവമെടുത്ത് തലമുറകളുടെ ഡോക്ടറായി പ്രവർത്തിക്കാൻ ഭാഗ്യം സിദ്ധിച്ച വനിതയാണ് ലളിത.എത്രയെത്ര കുടുംബങ്ങൾക്ക് ഡോക്ടറുടെ പേര് വിശ്വാസ്യതയുടെ പര്യായമാണ്.
1954 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാലാം ബാച്ചിൽ എം.ബി.ബി.എസിനു ചേർന്ന ലളിത നാലാം റാങ്കോടെയാണ് പാസ്സായത്. പി.ജിക്ക് ഗൈനക്കോളജിക്കാണ് ചേർന്നത്. അന്ന് ഗൈനക്കോളജിസ്റ്റുകൾ കുറവായിരുന്നു.പഠിപ്പിച്ചിരുന്ന ഡോ.തമ്പാൻ ഗൈനക്കോളജിയുടെ പ്രാധാന്യം വിവരിച്ചതും അതെടുക്കാനുള്ള കാരണങ്ങളിലൊന്നായിരുന്നു . ഇന്റേൺഷിപ്പ് കാലത്താണ് ആദ്യ പ്രസവം എടുക്കുന്നത്.ടെൻഷനൊന്നും ഡോ.ലളിതയ്ക്ക് അന്നുമില്ല ഇന്നുമില്ല.മൃദുഭാഷിയാണ്.നല്ല അദ്ധ്യാപികയും. ലളിത പഠിപ്പിച്ചവരിൽ ഡോ.എം.വി.പിള്ളയും ,ഡോ.ഹരിദാസും, ഡോ.ഭരത്ചന്ദ്രനുമടക്കം പ്രമുഖ ഭിഷഗ്വരൻമാരായി വലിയൊരു നിരതന്നെയുണ്ട്. വിദ്യാർത്ഥികളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്."നല്ല അദ്ധ്യാപിക മാത്രമല്ല ഗ്രേറ്റ് ഗൈനക്കോളജിസ്റ്റുമാണവർ.-ഡോ.ഹരിദാസ്(ലോർഡ്സ് ആശുപത്രി മേധാവി ) പറഞ്ഞു
നിറഞ്ഞ സംതൃപ്തി
ഡോ.ലളിതയെ സംബന്ധിച്ചിടത്തോളം വലിയ സംതൃപ്തി നൽകുന്ന പ്രൊഫഷനാണിത്. " രണ്ട് ജീവനുകളാണ് നോക്കേണ്ടത്. അമ്മയും കുഞ്ഞും സുരക്ഷിതമായിരിക്കണേയെന്ന പ്രാർത്ഥനയാണ് ഓരോ പ്രസവസമയത്തും മനസിലുള്ളത്. കരഞ്ഞുകൊണ്ടാണ് ഓരോ ശിശുവും കടന്നുവരുന്നതെങ്കിലും (ജനിച്ചാലുടനെ കുഞ്ഞ് കരയണം) അവരുടെ മുഖവും അമ്മയുടെ നിർവൃതിയും എന്നും മനസിന് കുളിർമ്മ പകരുന്ന അനുഭവമാണ്.കുഞ്ഞുങ്ങളെ ഒരർത്ഥത്തിൽ ഈ ലോകത്തേക്ക് വരവേൽക്കുന്നത് ഗൈനക്കോളജിസ്റ്റും ഒപ്പം ഡ്യൂട്ടിയിലുള്ള അനുബന്ധ ജീവനക്കാരുമാണ്. " -ഡോ.ലളിത പറഞ്ഞു.
കാലം മാറി
ഞാനൊക്കെ ഈ പ്രൊഫഷനിൽ വരുമ്പോൾ മെഡിക്കൽ സാങ്കേതിക വിദ്യ അത്രയൊന്നും വളർന്നിരുന്നില്ല.പിന്നീടാണ് മോണിട്ടറിംഗ് സംവിധാനവും സ്കാനിംഗുമൊക്കെ വന്നത്.ക്ളിനിക്കൽ ഡയഗനോസിസാണ് പ്രധാനം.ഫീറ്റോ സ്കോപ്പ് ഗർഭിണിയുടെ വയറിൽ വച്ച് ചെവി ചേർത്തുപിടിച്ച് പരിശോധിച്ചാണ് ഗർഭസ്ഥ ശിശുവിന്റെ അവസ്ഥയും ചലനങ്ങളും മനസിലാക്കിയിരുന്നത്. പരിചയസമ്പത്തുകൊണ്ട് പെട്ടെന്ന് കാര്യങ്ങൾ മനസിലാകുമായിരുന്നു.ഗർഭിണിയാകുമ്പോൾ തന്നെ ഡോക്ടറുടെയടുത്ത് വരുമല്ലോ.പതിവായ ചെക്കപ്പുകളിലൂടെ കൃത്യമായ വിവരങ്ങൾ അറിയാനാകും. ഇന്നും ഡോ.ലളിത അത്യാവശ്യമാണെങ്കിൽ മാത്രമെ സിസേറിയൻ ചെയ്യുകയുള്ളു. സങ്കീർണ്ണതകളൊന്നുമില്ലാതിരിക്കുകയാണെങ്കിൽ നോർമ്മൽ ഡെലിവറി മതിയാകും. അമ്മയേയും കുഞ്ഞിനേയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന പാരമ്പര്യ ശൈലി ഒരിക്കലും കൈവിട്ടിട്ടില്ല.അതുകൊണ്ടുതന്നെയാണ് ലളിതയുടെ അടുത്ത് പ്രസവത്തിനു പോയിട്ടുള്ളവർ തങ്ങളുടെ അടുത്ത തലമുറകളെ ഡോ.ലളിത തന്നെ നോക്കണമെന്ന് നിർബന്ധം പിടിക്കുന്നത്.

ഭർത്താവ് ത്രിവിക്രമനൊപ്പം ( ഫയൽ ചിത്രം)
ചിന്താഗതിയിലും മാറ്റം
പ്രസവവേദനയേക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അകാരണമായ ഭയവും കാരണം സ്വമേധയാ സിസേറിയൻ മതിയെന്നു പറയുന്നവർ യുവതലമുറയിൽ കൂടുതലാണെന്ന് ഡോ.ലളിത പറഞ്ഞു.പലരും ഇന്റർനെറ്റ് പരതി ആവശ്യമുള്ളതും ഇല്ലാത്തതുമായ വിവരങ്ങൾ ശേഖരിച്ചുവച്ചാണ് വരുന്നത്.അങ്ങനെയല്ലേ ഇങ്ങനെയല്ലേയെന്ന് ചോദിച്ച് വിജ്ഞാനം വിളമ്പുന്നവരുണ്ട്. പ്രസവ മുറിയിൽ കീറിവിളിച്ച് കരയുന്നവരുമുണ്ട്. വളരെ കൂളായി കിടന്ന് പ്രസവിക്കുന്നവരുമുണ്ട്. പണ്ടൊക്കെ ശരാശരി നാലും അഞ്ചും മക്കളെ പ്രസവിച്ചിരുന്നെങ്കിൽ ഇന്ന് ഒരു കുട്ടി മതിയെന്നു കരുതുന്നവരാണ്.കൂടുതൽ .കുട്ടികൾ വേണ്ടെന്നു ചിന്തിക്കുന്നവരും ഉണ്ട്.സ്കാനിംഗിലൂടെ കുട്ടി ആണോ പെണ്ണോയെന്ന് അറിയാം. പക്ഷേ അത് പറയുന്നത് എത്തിക്സിന് വിരുദ്ധമാണ്. പ്രത്യേകിച്ചും ഭ്രൂണഹത്യയൊക്കെ വർദ്ധിച്ചുവരുന്ന ഈ കാലത്ത്. ഗർഭിണിയായിരിക്കുമ്പോൾ നല്ലരീതിയിൽ കായികാദ്ധ്വാനം ചെയ്തിരുന്നവരാണ് പഴയ തലമുറ.ഇന്ന് അങ്ങനെയില്ല.ഗർഭകാലത്ത് മുറ്റം തൂക്കുന്നതിലൊന്നും കുഴപ്പമില്ല. പക്ഷേ അത് ഗർഭിണിയാകുംമുമ്പെ പതിവായി ചെയ്ത് ശീലിച്ചിരിക്കണം.ഗർഭിണിയായല്ലോ ഇനി മുറ്റം തൂത്തുകളയാമെന്ന് കരുതിയാൽ നടുവേദനയുണ്ടാകും.നല്ല ഭക്ഷണം കഴിക്കുക.മാനസിക സമ്മർദ്ദം ഇല്ലാതെ കഴിയുക എന്നതൊക്കെ കുഞ്ഞിന്റെ വളർച്ചയ്ക്ക് നല്ലതാണ്.വിദേശത്തൊക്കെ പ്രസവവേളയിൽ ഭർത്താക്കൻമാരെ നിറുത്താറുണ്ട്.ഇവിടെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുമ്പോൾ അതിനൊരു ശ്രമം നടത്തിയിരുന്നു.എന്നാൽ ആണുങ്ങൾ അതിന് പൊതുവെ മടികാട്ടുകയാണ് ചെയ്തത്.
കുമാരനാശാന്റെ ഭാര്യ ഭാനുമതിയുടെ മകൾ
മഹാകവി കുമരാനാശാന്റെ ഭാര്യ ഭാനുമതിഅമ്മ ആശാന്റെ മരണശേഷം പതിമ്മൂന്ന് വർഷം കഴിഞ്ഞ് പുനർവിവാഹിതയായിരുന്നു .ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ കാർത്തികപ്പളി സ്വദേശി സി.ഓ.കേശവനുമായുള്ള ആ വിവാഹത്തിലൂടെ പിറന്ന നാലുമക്കളിൽ മൂത്തമകളാണ് ഡോ.ലളിത.പ്രമുഖ സാംസ്ക്കാരിക പ്രവർത്തകനും ഖാദി ബോർഡ് സെക്രട്ടറിയും വയലാർ രാമവർമ്മ സാഹിത്യ ട്രസ്റ്റിന്റെ ജീവാത്മാവുമായിരുന്ന പരേതനായ സി.വി.ത്രിവിക്രമനാണ് ഭർത്താവ്. പ്രൊഫഷനിൽ തനിക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ഭർത്താവിന്റെയും മക്കളുടെയും പിന്തുണയുണ്ടായിരുന്നുവെന്ന് ലളിത പറഞ്ഞു .മാനേജ്മെന്റ് വിദഗ്ധയായ ലക്ഷ്മി എസ്.കുമാരൻ, പ്രമുഖ നടി മാലാപാർവ്വതി എന്നിവരാണ് മക്കൾ. ശരിക്കു പറഞ്ഞാൽ മക്കളിരുവരെയും പ്രസവിച്ച കാലയളവിൽ മാത്രമാണ് ഡോ.ലളിത വിശ്രമമെന്തന്നറിഞ്ഞത്.
ആദ്യം സംസ്ഥാന ഹെൽത്ത് സർവ്വീസിലായിരുന്നു.1964 ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്. എസ്.എ.ടി സുപ്രണ്ടും ഗൈനക്കോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ച് 1992 ലാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.അടുത്ത ദിവസം തന്നെ എസ്.യു.ടിയിൽ ജോലിയിൽ പ്രവേശിച്ചു.ആ ദൗത്യം ഇപ്പോഴും തുടരുന്നു. ഈ പ്രൊഫഷനെ ദൈവീകമായ ഒരു പ്രവൃത്തിയായിട്ടേ ഡോ.ലളിത എന്നും കണ്ടിട്ടുള്ളു.അതുകൊണ്ടാണ് ഇപ്പോഴും മടിപിടിക്കാത്തത്. എൺപത്തിയഞ്ചാം വയസിലും എല്ലാം ക്ളീയറാണ്.കൈ വിറയ്ക്കാത്തിടത്തോളം, നിവർന്നുനിൽക്കാൻ പറ്റുന്നിടത്തോളം പ്രൊഫഷനിൽ തുടരുമെന്ന് തിരുവനന്തപുരം കുമാരപുരത്തെ വസതിയായ ഭാനുമതിയിലിരുന്ന് ഡോ.ലളിത പറഞ്ഞു. എത്ര പ്രസവമെടുത്തു എന്ന കണക്കൊന്നും ഡോ.ലളിത സൂക്ഷിച്ചിട്ടില്ല.എന്നാൽ ഒരു ലക്ഷത്തോളമോ അതിലധികമോ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്. പദ്മാ ബഹുമതിയൊക്കെ എന്നേ ലഭിക്കേണ്ടതായിരുന്നു.അംഗീകാരങ്ങളുടെ പിറകെ ഒരിക്കലും പോയിട്ടില്ല.തന്റെ കൈകളിലേക്ക് പിറന്നുവീണ കുഞ്ഞുങ്ങളുടെയും അവരുടെ അമ്മമാരുടെയും സ്നേഹം ശാശ്വതമായി ഉള്ളപ്പോൾ അതിലും വലുതായി വേറെന്ത് വേണമെന്നാണ് ഡോ.ലളിതയുടെ ചോദ്യം.