divorce-

ഹൈദരാബാദ് : സമ്പന്നരും വിവാഹ മോചിതരുമായ സ്ത്രീകളെ പുനർ വിവാഹം ചെയ്ത് പണം തട്ടുന്ന യുവാവിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് . ബാബു എന്ന ശങ്കർ ബാബുവിനെതിരെയാണ് വിവാഹത്തട്ടിപ്പ് കേസിൽ ആന്ധ്ര പൊലീസ് കേസെടുത്തത് . പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഏഴ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. ഇവരിൽ മൂന്ന് പേർ ഒരേ സ്ഥലക്കാരാണ് എന്ന പ്രത്യേകതയും ഉണ്ട്. ഏഴ് ഭാര്യമാരെ ചതിച്ച ഇയാൾ ഇപ്പോൾ മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസിക്കുന്നത്. പ്രതിക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും ചതിക്കപ്പെട്ട സ്ത്രീകൾ ആരോപിക്കുന്നു.

2018ലായിരുന്നു ബാബു ആദ്യമായി വിവാഹിതനായത്. എന്നാൽ പിന്നീട് ഇയാൾ വിവാഹം കഴിക്കൽ സ്ഥിരമാക്കി. ഇരകളിൽ ഭൂരിഭാഗവും ഹൈദരാബാദിൽ നിന്നുള്ള ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ്. മാട്രിമോണിയൽ സൈറ്റുകളിലെ വിവാഹമോചിതരായ സ്ത്രീകൾ നൽകുന്ന പരസ്യങ്ങളിൽ നിന്നുമാണ് ബാബു പുതിയ ഇരയെ കണ്ടെത്തുന്നത്. രണ്ട് ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ഐ ടി ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഒരിടത്ത് ബാബു പെണ്ണുകാണാനെത്തിയത്. തനിക്ക് അമേരിക്കൻ വിസയുണ്ടെന്നും, പ്രോജക്ടിന് പോകാൻ സമയം കൂടെ വരണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ ജോലിയും ഇയാൾ രാജി വയ്പ്പിച്ചു. വൻതുക സ്ത്രീധനം വാങ്ങിയ ഇയാൾ വിവാഹം കഴിഞ്ഞതോടെ യുഎസ് പര്യടനം മാറ്റിവച്ചുവെന്ന് അറിയിച്ചു, ചതി മനസിലാക്കി വീട്ടുകാർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭാര്യയുടെ മാതാപിതാക്കളോട് പൊലീസിൽ പരാതിപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കെപിഎച്ച്ബി, ആർസി പുരം, ഗച്ചിബൗളി, അനന്തപൂർ,തെലങ്കാനയിലെ എസ്ആർ നഗർ, എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.