fahad-sathyan-anthikad

ഫഹദ് ഫാസിൽ നായകനാകുന്ന 'മലയൻകുഞ്ഞ്' എന്ന ചിത്രത്തിന് ആശംസകളുമായി സംവിധായകൻ സത്യൻ അന്തിക്കാട്. നവാഗതനായ സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 22ന് തിയേറ്ററുകളിലെത്തും.

ഫാസിൽ മലയാളികൾക്ക് എന്നും ഒരു പ്രതീക്ഷയാണെന്നും എന്തെങ്കിലും പുതുമയുമായേ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലേക്കെത്താറുള്ളൂ എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫഹദ് ഫാസിലെന്ന പ്രതിഭയെ ഒരിടവേളക്ക് ശേഷം ബിഗ് സ്‌ക്രീനിൽ കാണാനാകുന്നുവെന്ന സന്തോഷമുണ്ടെന്നും സത്യൻ അന്തിക്കാട് കുറിച്ചു. ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ച് കൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം....

ഫാസിൽ മലയാളികൾക്ക് എന്നും ഒരു പ്രതീക്ഷയാണ്. എന്തെങ്കിലും പുതുമയുമായേ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലേക്കെത്താറുള്ളൂ. മലയൻകുഞ്ഞ് കാണാൻ കാത്തിരിക്കുന്നതും അത് കൊണ്ടാണ്. കൂടെ, ഫഹദ് ഫാസിലെന്ന പ്രതിഭയെ ഒരിടവേളക്ക് ശേഷം ബിഗ് സ്‌ക്രീനിൽ കാണാനാകുന്നു എന്ന സന്തോഷവും. സജിമോൻ എന്ന പുതിയ സംവിധായകന് എന്റെ ആശംസകളും സ്നേഹവും. മലയൻകുഞ്ഞ് മനസ്സ് നിറക്കുന്ന ഒരു അനുഭവമായി മാറട്ടെ !