couples-

എല്ലാ പ്രണയങ്ങളും പൂർണമാകാറില്ല, അതു പോലെ വിവാഹങ്ങളിൽ ചിലത് വേർപിരിയലിൽ എത്തുകയും ചെയ്യും. രണ്ട് വ്യക്തികൾ ഒന്നായി തീരുമ്പോൾ അവർക്കിടയിലുള്ള ബന്ധങ്ങളിലുണ്ടാവുന്ന വിള്ളലുകളാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. പരസ്പരം മനസിലാക്കുവാനും, വിശ്വസിക്കുവാനും, തെറ്റുകൾ പൊറുക്കാനുമുള്ള മനസ് സ്വന്തമാക്കുന്നതിലൂടെ ബന്ധങ്ങളിൽ ദൃഢത കൈവരും. പങ്കാളികൾക്ക് ഇടയിൽ പരസ്പര സ്‌നേഹം ഊട്ടി ഉറപ്പിക്കുവാൻ മനസിലുണ്ടാവണം ഈ അഞ്ച് മന്ത്രങ്ങൾ.


1. വിട്ടുവീഴ്ച

എടുക്കൽ മാത്രമല്ല, കൊടുക്കലും കൂടിയാണ് ബന്ധങ്ങൾ. നിങ്ങൾ എത്ര സ്‌നേഹം കൊടുക്കുന്നുവോ അത്രയും തിരികെ ലഭിക്കും എന്ന് മനസിനെ ആദ്യം വിശ്വസിപ്പിക്കുക.

2. ആശയവിനിമയം

ശരിയായ ആശയവിനിമയം ഇന്നത്തെ കാലഘട്ടത്തിൽ കുറയുകയാണ്. പരസ്പരം മനസ് തുറന്ന് സംസാരിക്കുന്നവർക്ക് ഇടയിൽ പെട്ടെന്ന് ഒരു പ്രശ്നം ഉണ്ടാവുകയില്ല, കാരണം ആശയ വിനിമയത്തിലൂടെ നമുക്ക് പങ്കാളിയെ ശരിക്കും മനസിലാവും. അവരുടെ രീതികൾ തിരിച്ചറിയാനും കഴിയും. പരസ്പരം തുറന്ന് സത്യസന്ധമായി ആശയവിനിമയം നടത്താനുള്ള ഒരു മാർഗം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഒരു ബന്ധം ദീർഘകാലത്തേക്ക് കൊണ്ടു പോകാൻ കഴിയുകയുമില്ല. അതിനാൽ ദമ്പതികൾ പതിവായി ആശയവിനിമയം നടത്താൻ ഒരു മാർഗം കണ്ടെത്തണം.


3. വഴക്കിടുമ്പോൾ
പ്രണയിക്കുമ്പോഴോ, വിവാഹത്തിന് ശേഷമോ രണ്ട് ആളുകൾ ഒരുമിച്ച് കാണുമ്പോഴും, താമസിക്കുമ്പോഴും പരസ്പരം പോരടിക്കാതിരിക്കുവാൻ പരമാവധി ശ്രദ്ധിക്കുക. രണ്ട് വ്യക്തികൾ രണ്ട് രീതിയിൽ ചിന്തിക്കുന്നവരാണെന്ന സത്യം മനസിലാക്കുക. നിസാര കാര്യങ്ങളിൽ പങ്കാളിയോട് വഴക്കിടാൻ ഒരുങ്ങും മുൻപ് അതിന്റെ ആവശ്യമുണ്ടോ എന്ന് സ്വയം ചോദിക്കുക.


4. ആഗ്രഹങ്ങൾ ഒളിക്കരുത്

ദീർഘകാല ബന്ധത്തിലേക്ക് കടക്കുമ്പോൾ, മറ്റൊരാളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്നിൽ നാം സ്വന്തം താത്പര്യങ്ങളെ ഒളിപ്പിക്കാറുണ്ടാവാം. എന്നാൽ ഇത് ക്രമേണ പ്രശ്നങ്ങളിലേക്ക് എത്തിയേക്കാം. നമ്മുടെ ആവശ്യങ്ങളും, ആഗ്രഹങ്ങളും പങ്കാളിയോട് തുറന്ന് പറയാം. ഇതിനായി ആശയവിനിമയം നടത്തുന്നതിനുള്ള മാർഗം കണ്ടെത്തേണ്ടതുണ്ട്, ആവശ്യമായ വിട്ടുവീഴ്ചകളും ചെയ്യാം. കാരണം രണ്ട് ആളുകൾക്ക് ജീവിതത്തിൽ ഒരേ ആഗ്രഹങ്ങൾ അപൂർവ്വമായി മാത്രമേ ഉണ്ടാകുകയുള്ളു. എപ്പോഴും ആദരവോടെയും തുറന്ന മനസോടെയും അതിനുള്ള വഴി കണ്ടെത്തുക.

5. സത്യസന്ധത

എല്ലാവരും അവരുടെ പങ്കാളിയിൽ നിന്നുള്ള വിശ്വാസത്തെയും സത്യസന്ധതയെയും എല്ലാറ്റിലുമുപരിയായി വിലമതിക്കുന്നു. കാരണം ദീർഘകാലത്തേക്ക് ചോദ്യമോ സംശയമോ കൂടാതെ ആശ്രയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തിയാണ് നിങ്ങളുടെ പങ്കാളി. അതിനാൽ തന്നെ ചെറിയ നുണകൾ പോലും പറയാതിരിക്കുക.