vidhu

കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ തന്റെ സിനിമ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച യുവസംവിധായിക കുഞ്ഞില മസിലാമണിയെ അറസ്റ്റുചെയ്ത നടപടിക്കെതിരെ ചലച്ചിത്ര മേഖലയിൽ പ്രതിഷേധം പുകയുന്നു. സംവിധായിക വിധു വിൻസെന്റ് തന്റെ ചിത്രം മേളയിൽ നിന്ന് പിൻവലിച്ചു. ഇന്നലെ രാവിലെ 10ന് ശ്രീ തിയേറ്ററിൽ പ്രദർശിപ്പിക്കേണ്ട 'വൈറൽ സെബി" എന്ന സിനിമ പിൻവലിക്കുന്നതായും അതിനുള്ള കാരണവും വിധു വിൻസെന്റ് ഫേസ് ബുക്കിലൂടെ അറിയിച്ചു. ചിത്രം പിൻവലിച്ചതോടെ ഉദ്ഘാടന ദിവസം പ്രദർശിപ്പിച്ച ഇന്തോനേഷ്യൻ സിനിമയായ 'യുനി" വീണ്ടും പ്രദർശിപ്പിക്കുകയായിരുന്നു. സംവിധായികയ്ക്ക് പിന്തുണയുമായി സംവിധായകൻ പ്രതാപ് ജോസഫും രംഗത്തെത്തി. മസിലാമണിയുടെ 'അസംഘടിതർ" മേളയിൽ പ്രദർശിപ്പിക്കാമായിരുന്നു. സിനിമ തിരഞ്ഞെടുക്കുന്നതിൽ വ്യക്തതയും കൃത്യമായ മാനദണ്ഡവും ആവശ്യമാണെന്നും അദ്ദേഹം നിർദ്ദേശിച്ചു. 'കുഞ്ഞില, കെ.കെ. രമ, ആനി രാജ രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകൂട ഫാസിസത്തിൽ, അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകൾ..." എന്നായിരുന്നു ചലച്ചിത്ര നടൻ ഹരീഷ് പേരടിയുടെ വിമർശനം. ചലച്ചിത്ര അക്കാഡമി ചെയർമാനെതിരെ അക്കാഡമി അംഗമായ എൻ. അരുൺ മുഖ്യമന്ത്രിക്ക് കത്തെഴുതി. കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നെന്ന വിമർശനമാണ് അരുൺ ഉന്നയിച്ചതെന്നാണ് വിവരം.