alva

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മാർഗരറ്റ് ആൽവ പ്രതിപക്ഷ പാർട്ടികളുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി. ഇന്ന് ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗമാണ് മാർഗരറ്റ് ആൽവയെ (80) സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ ആൽവയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.

ഗോവ, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായിട്ടുള‌ള മാർഗരറ്റ് ആൽവ കർണാടകയിലെ മംഗലൂരുവിൽ 1942 ഏപ്രിൽ 14നാണ് ജനിച്ചത്. 1969ൽ ഭർത്തൃമാതാവായ വയലറ്റ് ആൽവയുടെ മരണശേഷമാണ് മാർഗരറ്റ് ആൽവ കർണാടകയിൽ കോൺഗ്രസ് പ്രവർത്തനം ആരംഭിച്ചത്. 1974ൽ രാജ്യസഭാംഗമായി. 1984ൽ കേന്ദ്രമന്ത്രിയായി. 1999ൽ ഉത്തര കന്നടയിൽ നിന്നും ലോക്‌സഭയിലെത്തി.

പതിനേഴോളം പ്രതിപക്ഷ പാർട്ടികൾ ചേർന്നാണ് ആൽവയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ തൃണമൂലടക്കം 19 പാർട്ടികളുടെ പിന്തുണയുണ്ടെന്ന് ശരദ് പവാർ അറിയിച്ചു.എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച പാർട്ടികളടക്കം ഇന്ന് ശരദ് പവാർ വിളിച്ച യോഗത്തിനെത്തിയിരുന്നു. പശ്ചിമ ബംഗാൾ ഗവർണറായ ജഗ്‌ദീപ് ധൻകറാണ് എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി.

ജൂലായ് 19 വരെയാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിക്കേണ്ട സമയം. സൂക്ഷ്‌മ പരിശോധന 20ന്. 21വരെ പത്രിക പിൻവലിക്കാം.ഓഗസ്‌റ്റ് ആറിനാണ് തിരഞ്ഞെടുപ്പ്.