
1977 - 80 കാലത്തെ ആർ.എസ്.എസ് ബാന്ധവത്തെച്ചൊല്ലി മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസും കൊമ്പുകോർക്കുന്നു. 1977 ൽ കൂത്തുപറമ്പിൽ മത്സരിച്ച പിണറായി വിജയൻ ആർ.എസ്.എസുകാരുടെ വോട്ടുവാങ്ങിയാണ് നിയമസഭാംഗമായതെന്ന് വി.ഡി. സതീശൻ ആരോപിക്കുന്നു. കെ.കരുണാകരനും സി.എച്ച്. മുഹമ്മദ് കോയയും 1980 ൽ ആർ.എസ്.എസുകാരുടെ വോട്ടുവാങ്ങിയാണ് ജയിച്ചതെന്ന് പിണറായി തിരിച്ചടിക്കുന്നു. 1977 ൽ സി.പി.എമ്മിന്റെയും അഖിലേന്ത്യാ ലീഗിന്റെയും പിന്തുണയോടെ ഉദുമയിൽ മത്സരിച്ച കെ.ജി. മാരാർ 1980 ൽ കോൺഗ്രസിന്റെയും യൂണിയൻ ലീഗിന്റെയും പിന്തുണയോടെയാണ് പെരിങ്ങളത്തു മത്സരിച്ചതെന്ന് ബി.ജെ.പിക്കാരും സാക്ഷ്യപ്പെടുത്തുന്നു.
1971 മാർച്ചിൽ ലോക്സഭാ തിരഞ്ഞെടുപ്പും ഡിസംബറിൽ ബംഗ്ളാദേശ് യുദ്ധവും 1972 മാർച്ചിൽ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും വിജയിച്ച് പ്രശസ്തിയുടെ പാരമ്യത്തിലായിരുന്നു ഇന്ദിരാഗാന്ധി. പിന്നാലെ ഭരണഘടന ഭേദഗതിചെയ്ത് ബാങ്ക് ദേശസാത്കരണവും പ്രിവിപേഴ്സ് റദ്ദാക്കലും സാധുവാക്കി. പൊഖ്റാനിൽ ആണവപരീക്ഷണവും നടത്തി. ചോദ്യം ചെയ്യാനാവാത്ത നേതാവായി തുടരുമ്പോഴാണ് അവർക്കെതിരെ പ്രതിഷേധങ്ങൾ മുളപൊട്ടുന്നത്. 1973 ഡിസംബർ അവസാനം ഗുജറാത്തിൽ വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭം ചിമൻഭായ് പട്ടേൽ നയിച്ച കോൺഗ്രസ് സർക്കാരിന്റെ പതനത്തിനിടയാക്കി. തൊട്ടുപിന്നാലെ, 1974 ഏപ്രിൽ മദ്ധ്യത്തോടെ ബീഹാറിലും വിദ്യാർത്ഥി പ്രക്ഷോഭം കൊടുമ്പിരികൊണ്ടു. മുഖ്യമന്ത്രി അബ്ദുൾ ഗഫൂർ രാജിവയ്ക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സർവോദയ നേതാവ് ജയപ്രകാശ് നാരായണൻ രംഗത്തുവന്നതോടെ സമരത്തിന് പുതിയമാനം കൈവന്നു. കമ്മ്യൂണിസ്റ്റിതര പ്രതിപക്ഷ കക്ഷികളൊക്കെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണപ്രഖ്യാപിച്ചു ; ജയപ്രകാശിന്റെ നേതൃത്വം അംഗീകരിച്ചു. സമരക്കാരുടെ യാതൊരു ഡിമാൻഡും അംഗീകരിക്കാൻ ഇന്ദിരാഗാന്ധി കൂട്ടാക്കിയില്ല. അബ്ദുൾ ഗഫൂറിനെ നീക്കാനും വിസമ്മതിച്ചു. ജെ.പി സമ്പൂർണ വിപ്ളവത്തെക്കുറിച്ച് വാചാലനായി. അതോടെ പ്രക്ഷോഭം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. ജയപ്രകാശ് പ്രസ്ഥാനത്തിന്റെ ശക്തി ആദ്യം തിരിച്ചറിഞ്ഞത് നാഗ്പൂരിലെ ആർ.എസ്.എസ് നേതൃത്വമായിരുന്നു. ഇന്ദിരാഗാന്ധിയെ സ്ഥാനഭ്രഷ്ടയാക്കാൻ ഇതൊരു സുവർണ്ണാവസരമാണെന്ന് അവർ തിരിച്ചറിഞ്ഞു. ആർ.എസ്.എസിന്റെയും ജനസംഘത്തിന്റെയും പ്രവർത്തകർ ജെ.പി നയിച്ച സമരത്തിൽ ആവേശപൂർവം പങ്കെടുത്തു. ജയപ്രകാശിന്റെ പിന്നിൽ പിന്തിരിപ്പന്മാരും വർഗീയവാദികളും ഫാസിസ്റ്റ് ശക്തികളുമാണെന്ന് സി.പി.ഐ നേതൃത്വം ആരോപിച്ചു. സി.പി.എമ്മും ഈ വസ്തുത തിരിച്ചറിഞ്ഞു. അവർ ജെ.പിയെ പരസ്യമായി തള്ളിപ്പറഞ്ഞില്ല ; സമരത്തോടു സഹകരിച്ചുമില്ല.
ജെ.പി കൊളുത്തിയ കൈത്തിരി കാട്ടുതീയായി രാജ്യമാകെ വ്യാപിക്കുന്നതിനിടെയാണ് 1975 ജൂൺ 12 ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. അതോടെ പ്രക്ഷോഭത്തിന്റെ രൂക്ഷത വർദ്ധിച്ചു. ഇന്ദിരാഗാന്ധി ഉടൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. അവർ വഴങ്ങിയില്ല. ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര എന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ. ബറുവ ജല്പിച്ചു. സുപ്രീം കോടതി നിരുപാധികസ്റ്റേ നൽകാത്ത സാഹചര്യത്തിൽ ഇന്ദിരാഗാന്ധി രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജൂൺ 25 ന് അർദ്ധരാത്രി പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം അറസ്റ്റ് ചെയ്തു. സംഘടനാ കോൺഗ്രസ്, ജനസംഘം, ബി.എൽ.ഡി, സോഷ്യലിസ്റ്റ് നേതാക്കൾക്കൊപ്പം സി.പി.എം നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്ന് ആർ.എസ്.എസും ജമാ അത്തെ ഇസ്ലാമിയും നക്സൽ ഗ്രൂപ്പുകളും അടക്കമുള്ള സംഘടനകൾ നിരോധിക്കപ്പെട്ടു. മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്ത് രാഷ്ട്രപതി വിളംബരം പുറപ്പെടുവിച്ചു. കൂടുതൽ കർക്കശമായ വ്യവസ്ഥകളോടെ ആഭ്യന്തര സുരക്ഷിതത്വ നിയമം മൂന്നുതവണ ഭേദഗതി ചെയ്തു. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ലോക്സഭാ സ്പീക്കറുടെയും തിരഞ്ഞെടുപ്പുകൾ കോടതിയിൽ ചോദ്യംചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയോടെ 39-ാം ഭരണഘടനാ ഭേദഗതി പാസാക്കി. അതിന്റെ ബലത്തിൽ ഇന്ദിരാഗാന്ധി അലഹബാദ് ഹൈക്കോടതിവിധി മറികടന്നു. അതിനുശേഷം ജനാധിപത്യ വ്യവസ്ഥയുടെ തായ്വേരറുക്കുന്ന 42 - ാം ഭേദഗതിയും പാസാക്കിയെടുത്തു. രാജ്യം സമഗ്രാധിപത്യത്തിന്റെ കരാള ഹസ്തങ്ങളിൽ അമർന്നു. അടിയന്തരാവസ്ഥയോടുള്ള സമീപനത്തിൽ പ്രതിഷേധിച്ച് പി. സുന്ദരയ്യ സി.പി.എം ജനറൽ സെക്രട്ടറിസ്ഥാനം രാജിവച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ചുമതലയേല്പിച്ചു. പക്ഷേ പാർട്ടി വിവരം രഹസ്യമാക്കിവച്ചു. അടിയന്തരാവസ്ഥയുടെ നാളുകളിലും പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയുള്ള ശ്രമം ഉൗർജ്ജിതമായിരുന്നു. ഒരു കൊടിയും ഒരു ചിഹ്നവും സ്വീകരിച്ച് ഒറ്റപ്പാർട്ടിയായി തീരാൻ ജയപ്രകാശ് നാരായണനും ആചാര്യ കൃപലാനിയും കമ്മ്യൂണിസ്റ്റിതര കക്ഷികളെ ഉപദേശിച്ചു. ഗത്യന്തരമില്ലാതെ അവരതിനു വഴിപ്പെട്ടു. 1977 ജനുവരി 18 ന് അടിയന്തരാവസ്ഥയിൽ അയവുവരുത്തി. പ്രതിപക്ഷനേതാക്കളെ വിട്ടയച്ചു. രാജ്യത്ത് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും നടത്താൻ തീരുമാനിച്ചു. ഭാരതീയ ലോക്ദൾ, ഭാരതീയ ജനസംഘം, സോഷ്യലിസ്റ്റ് പാർട്ടി, സംഘടനാ കോൺഗ്രസ് എന്നീ കക്ഷികൾ ഒരു ചിഹ്നവും ഒരു കൊടിയുമായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ജനുവരി 23 ന് ജയപ്രകാശ് നാരായണൻ പ്രഖ്യാപിച്ചു. മൊറാർജി ദേശായി ജനതാപാർട്ടിയുടെ പ്രസിഡന്റായും ചൗധരി ചരൺസിംഗ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ലാൽ കൃഷ്ണ അദ്വാനി, സുരേന്ദ്രമോഹൻ, രാംധൻ എന്നിവരായിരുന്നു ജനറൽ സെക്രട്ടറിമാർ. കലപ്പയേന്തിയ കർഷകൻ തിരഞ്ഞെടുപ്പു ചിഹ്നമായി.
പഴയ സ്വതന്ത്രാപാർട്ടി കൂടി ഉൾപ്പെട്ട ഭാരതീയ ലോക്ദളും ജനസംഘവും സംഘടനാ കോൺഗ്രസും മറ്റും ചേർന്നുണ്ടാക്കിയ ജനതാപാർട്ടിയോടു സഹകരിക്കുന്നതിൽ സി.പി.എമ്മിനു വൈമനസ്യമുണ്ടായിരുന്നു. വലതുപക്ഷ പിന്തിരിപ്പൻ വർഗീയ ശക്തികളുമായി കൂട്ടുചേരുന്നതിനെ സി.പി.ഐ നേതൃത്വം കലശലായി ആക്ഷേപിക്കുകയും ചെയ്തിരുന്നു. എങ്കിലും ജനാധിപത്യ പുന:സ്ഥാപനം എന്ന ഏക അജണ്ട മുൻനിറുത്തി ജനതാപാർട്ടിയുമായി സഹകരിക്കാൻ സി.പി.എം തീരുമാനിച്ചു. മാർക്സിസ്റ്റ് - ജനതാസഖ്യം രാജ്യവ്യാപകമായി നിലവിൽവന്നു. പശ്ചിമബംഗാളിൽ പകുതിയിലധികം സീറ്റുകൾ ജനതാപാർട്ടിക്കു വിട്ടുകൊടുക്കാൻ സി.പി.എം തയ്യാറായി. പകരം മഹാരാഷ്ട്രയിലും പഞ്ചാബിലും ആന്ധ്രയിലും ഏതാനും സീറ്റുകൾ ജനത സി.പി.എമ്മിനു കൊടുത്തു. കെ.ചന്ദ്രശേഖരൻ ചെയർമാനായി ജനതാപാർട്ടിയുടെ കേരളഘടകം നിലവിൽവന്നു. ഒ.രാജഗോപാൽ, കായിക്കര ഷംസുദ്ദീൻ, കെ.ഗോപാലൻ എന്നിവർ ജനറൽ സെക്രട്ടറിമാർ ; പി.എൻ. സുകുമാരൻ നായർ ഖജാൻജി. ചന്ദ്രശേഖരനും ഷംസുദ്ദീനും സോഷ്യലിസ്റ്റുകാരായിരുന്നു. രാജഗോപാലും സുകുമാരനും ജനസംഘക്കാരും ; ഗോപാലൻ സംഘടനാ കോൺഗ്രസുകാരനും. സംസ്ഥാനത്ത് അഖിലേന്ത്യാ മുസ്ളിം ലീഗിനും കേരള കോൺഗ്രസ് പിള്ള ഗ്രൂപ്പിനുമൊപ്പം ജനതാപാർട്ടിയെയും സി.പി.എം പ്രതിപക്ഷ മുന്നണിയിൽ ഉൾപ്പെടുത്തി. പിന്തിരിപ്പന്മാരായ സംഘടനാ കോൺഗ്രസുകാരുമായും മുരത്ത വർഗീയവാദികളായ ജനസംഘക്കാരുമായും കൂട്ടുചേരാൻ മാർക്സിസ്റ്റ് പാർട്ടിക്ക് സ്വാഭാവികമായി മനപ്രയാസമുണ്ടായിരുന്നു. എങ്കിലും അടിയന്തരാവസ്ഥയെ തോൽപിക്കുകയെന്ന മഹത്തായലക്ഷ്യം മുൻനിറുത്തി സി.പി.എം സഹിച്ചു. '57 ൽ ഇ.എം.എസ് 67 ൽ ഇ.എം.എസ് 77 ലും ഇ.എം.എസ് ' എന്ന് ജനസംഘക്കാരും 'ജനത ജയിക്കും ജനത ഭരിക്കും ജനാധിപത്യം സംരക്ഷിക്കുമെന്ന്' മാർക്സിസ്റ്റുകാരും ആവേശപൂർവം മുദ്രാവാക്യം വിളിച്ചു. ഒ.രാജഗോപാലിനു വേണ്ടി ജനതാപാർട്ടി പാലക്കാട് സീറ്റു ചോദിച്ചെങ്കിലും വിട്ടുകൊടുക്കാൻ സി.പി.എം തയ്യാറായില്ല. ജനസംഘക്കാർക്ക് പരമാവധി സീറ്റു കൊടുക്കരുതെന്നായിരുന്നു അവരുടെ താത്പര്യം. എന്നിട്ടും ജനതാപാർട്ടി നിറുത്തിയ 27 സ്ഥാനാർത്ഥികളിൽ മൂന്നുപേർ കറതീർന്ന ആർ.എസ്.എസുകാരായിരുന്നു ; കെ.ജി മാരാർ (ഉദുമ), നെടിയഞ്ചേരി വാസു (സുൽത്താൻ ബത്തേരി) കെ. ഗോപാലൻ (വണ്ടൂർ). അതുകൊണ്ടു തന്നെ ജനതാബാന്ധവം അഖിലേന്ത്യാ ലീഗിനും വിനയായി. മുസ്ളിം രക്തത്തിൽ മുങ്ങിക്കുളിച്ച ആർ.എസ്.എസുകാരുമായാണ് വിമതർ സഖ്യമുണ്ടാക്കിയതെന്ന് യൂണിയൻ ലീഗുകാർ ആക്ഷേപിച്ചു. ഹറാമില്ലാ ഹറാമാണെന്ന വ്യാഖാനത്തോടെ ഇ.എം.എസ് വിമതലീഗുകാരെ പന്നിയിറച്ചി തീറ്റിക്കുന്നതായി ചന്ദ്രിക കാർട്ടൂൺ പ്രസിദ്ധീകരിച്ചു. ജനസംഘമുൾപ്പെട്ട ജനതാപാർട്ടിയുമായി സഖ്യം ചെയ്തത് കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിക്ക് വിനയായി. പ്രതിപക്ഷ മുന്നണി ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ മൊത്തം ഭരണമുന്നണിക്ക് പോയി. പൊന്നാനിയിൽ ഇമ്പിച്ചി ബാവയും ബേപ്പൂരിൽ ചാത്തുണ്ണി മാസ്റ്ററും അരൂരിൽ കെ.ആർ. ഗൗരിഅമ്മയും അമ്പലപ്പുഴയിൽ വി.എസ്. അച്യുതാനന്ദനും വരെ തോറ്റു. പട്ടാമ്പിയിൽനിന്ന് ആലത്തൂർക്ക് മാറിയ ഇ.എം.എസ് കഷ്ടിച്ച് രണ്ടായിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. 140 അംഗ നിയമസഭയിൽ പ്രതിപക്ഷമുന്നണിക്ക് ആകെ കിട്ടിയത് 29 സീറ്റാണ്. സി.പി.എം -17, ജനത - ആറ്, അഖിലേന്ത്യാലീഗ് - മൂന്ന്, പിള്ളഗ്രൂപ്പ് - രണ്ട്, സി.എഫ്.ഡി - ഒന്ന്. ലോക്സഭയിലേക്ക് ഒരാളെപ്പോലും വിജയിപ്പിക്കാനായില്ല. ആറ് ജനതാപാർട്ടി എം.എൽ.എമാരിൽ മൂന്നുപേർ പഴയ സംഘടനാ കോൺഗ്രസുകാരും മൂന്നുപേർ സോഷ്യലിസ്റ്റുകളുമായിരുന്നു. ജനസംഘക്കാർ ആരും നിയമസഭയിലെത്തിയില്ല. ജനതാ - സി.എഫ്.ഡി - അകാലിദൾ സഖ്യം 299 സീറ്റ് വിജയിച്ച് പാർലമെന്റിൽ കേവല ഭൂരിപക്ഷം നേടി. മാർച്ച് 24 ന് മൊറാർജി ദേശായി പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. അകാലിദളിനെയും സി.എഫ്.ഡിയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. സി.പി.എമ്മിനോട് ആ സൗമനസ്യം കാണിച്ചില്ല. കേന്ദ്രമന്ത്രിസഭയിൽ ചേരാൻ മാർക്സിസ്റ്റ് പാർട്ടി താത്പര്യപ്പെട്ടതുമില്ല.
പഴയ കോൺഗ്രസ് ഭരണം പോലെ ജനവിരുദ്ധമാണ് പുതിയ ജനതാ ഭരണവുമെന്ന് 1978 ഏപ്രിൽ അവസാനം ജലന്ധറിൽ നടന്ന സി.പി.എം പത്താം കോൺഗ്രസ് വിലയിരുത്തി. ജനതാ സർക്കാരിനെ തോൽപിക്കാനുള്ള ഉത്തരവാദിത്വം തൊഴിലാളിവർഗ പ്രസ്ഥാനത്തിനുണ്ട്. അതിന് ഇടതുപക്ഷ ജനാധിപത്യ ബദൽ ഉരുത്തിരിയണമെന്ന് കണ്ടെത്തി. ഏതാണ്ട് അതേകാലത്ത് കേരളത്തിലും മാർക്സിസ്റ്റ് - ആർ.എസ്.എസ് ബന്ധം വഷളായി. 1969 മുതൽ ആർ.എസ്.എസ് - മാർക്സിസ്റ്റ് സംഘട്ടനങ്ങൾക്ക് കുപ്രസിദ്ധി നേടിയ സ്ഥലമാണ് തലശേരി. ഒരിടവേളയ്ക്കു ശേഷം 1978 സെപ്തംബർ രണ്ടിന് തലശേരി വീണ്ടും കലുഷിതമായി. ആർ.എസ്.എസുകാരും മാർക്സിസ്റ്റുകാരും ഏറ്റുമുട്ടി. ഇടവിട്ട് സംഘട്ടനങ്ങളും നടന്നു. 1979 ഏപ്രിൽ ആകുമ്പോഴേക്കും ആർ.എസ്.എസിന് ആറ് ബലിദാനികളുണ്ടായി ; സി.പി.എമ്മിനും അത്രതന്നെ രക്തസാക്ഷികളെ കിട്ടി. 1979 ഏപ്രിൽ ആറിന് തലശേരി താലൂക്കിലെ ഏഴുകേന്ദ്രങ്ങളിൽ ദിനേശ് ബീഡി യൂണിറ്റുകൾക്കു നേരെ ആക്രമണം നടത്തിക്കൊണ്ട് ആർ.എസ്.എസുകാർ മാർക്സിസ്റ്റ് പാർട്ടിയെ ഞെട്ടിച്ചു. നാടൻ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബീഡിത്തൊഴിലാളികളെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. മൂന്ന് സി.പി.എം കാരും ഒരു ആർ. എസ്.എസ് കാരനും മരിച്ചു ; ഒട്ടേറെപേർക്ക് പരിക്കേറ്റു. ആർ.എസ്.എസ് ആക്രമണത്തിനെതിരെ എം.വി. രാഘവൻ നിയമസഭയിൽ അടിയന്തരപ്രമേയത്തിന് അനുമതി തേടി. പൊലീസ് നിഷ്ക്രിയമാണെന്ന് ആരോപിച്ചു. ആത്മരക്ഷാർത്ഥം ആയുധമെടുക്കാൻ ജനങ്ങൾക്ക് അനുമതി വേണമെന്നാവശ്യപ്പെട്ടു. പാട്യം ഗോപാലന്റെ ആകസ്മിക നിര്യാണത്തെത്തുടർന്ന് 1979 മേയിൽ തലശേരിയിൽ ഉപതിരഞ്ഞെടുപ്പുണ്ടായി. ആർ.എസ്.എസിന്റെ വോട്ടുവേണ്ടെന്ന് ഇ.എം.എസ് പ്രഖ്യാപിച്ചു. ആർ.എസ്.എസുകാരനെ കൊന്നകേസിൽ പ്രതിയായ തലശേരി ഏരിയ സെക്രട്ടറി എം.വി. രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കി. അദ്ദേഹം വൻഭൂരിപക്ഷത്തിൽ ജയിച്ചു. എന്നാൽ തലശേരിക്കൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന കാസർകോട് മണ്ഡലത്തിൽ മാർക്സിസ്റ്റ് പാർട്ടിയും അഖിലേന്ത്യാലീഗും ആർ.എസ്.എസിന്റെ സഹായം സ്വീകരിച്ചു. അങ്ങനെ ബി.എം. അബ്ദുറഹ്മാൻ സി.ടി. അഹമ്മദാലിയെ തോൽപിച്ചു. കണ്ണൂർജില്ലയിലെ സംഘർഷം തിരുവിതാംകൂർ ഭാഗത്തെ മാർക്സിസ്റ്റ് - ജനതാ ഐക്യത്തെ ബാധിച്ചില്ല. തിരുവല്ലയിൽ ജനതാപാർട്ടിയിലെ പി.സി. തോമസ് വിജയിച്ചു. പാറശാലയിൽ സി.പി.എമ്മിലെ എം.സത്യനേശനും ജയിച്ചു.
ദേശീയരാഷ്ട്രീയം വളരെപ്പെട്ടെന്ന് മാറിമറിഞ്ഞു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിച്ച 1979 ജൂലായ് ഒമ്പതിന് ചരൺ സിംഗിന്റെ അനുയായികളായ പതിമൂന്ന് എം.പിമാർ ജനതാപാർട്ടി വിട്ടു. പിറ്റേന്ന് അവർ രാജ് നാരായണന്റെ നേതൃത്വത്തിൽ ജനതാ പാർട്ടി (സെക്യുലർ) രൂപീകരിച്ചു. പിന്നീട് എം.പിമാരുടെ കുത്തൊഴുക്കായിരുന്നു. മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. ജൂലായ് 15 ന് മൊറാർജി ദേശായി രാജിവച്ചു. ബദൽ മന്ത്രിസഭയുണ്ടാക്കാൻ സി.പി.എം ചരൺസിംഗിന് പിന്തുണ നൽകിയതോടെ മാർക്സിസ്റ്റ് - ജനതാ ബന്ധം ശിഥിലമായി. സഖാക്കളുടെ ആർ.എസ്.എസ് വിരുദ്ധ ജ്വരം മൂർച്ഛിച്ചു. വർഗീയകക്ഷിയുമായി ഒരു ബന്ധവും പാടില്ലെന്ന് ഇ.എം.എസ് സിദ്ധാന്തിച്ചു. മാർക്സിസ്റ്റ് പിന്തുണകൊണ്ടും ചരൺസിംഗ് രക്ഷപ്പെട്ടില്ല. പാർലമെന്റിനെ അഭിമുഖീകരിക്കാൻ കഴിയാതെ ആഗസ്റ്റ് 20 നു സർക്കാർ രാജിവച്ചു. ജനതാപാർട്ടിയുടെ കേരളഘടകം ഏറെക്കുറേ ഒറ്റക്കെട്ടായി മൊറാർജി - ജഗ്ജീവൻ റാം പക്ഷത്ത് ഉറച്ചുനിന്നു. അതോടെ പ്രതിപക്ഷമുന്നണിയിൽ അവർ ഒറ്റപ്പെട്ടു. സെപ്തംബറിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പാകുമ്പോഴേക്കും സി.പി.എം പഴയ സഖ്യകക്ഷിയെ തന്ത്രപൂർവം കൈയൊഴിഞ്ഞു. ഒക്ടോബർ ഏഴിന് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിപദം രാജിവയ്ക്കുകയും മാർക്സിസ്റ്റ് പാർട്ടി ക്ളീൻ സ്ളേറ്റിൽ ഇടതുപക്ഷ മുന്നണി ഉണ്ടാക്കുകയും ചെയ്തപ്പോൾ ജനതാപാർട്ടി ത്രിശങ്കു സ്വർഗത്തിലായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചവരാണ് ജനതാപാർട്ടി നേതാക്കളിൽ നല്ലൊരു പങ്കും. അതുകൊണ്ടു തന്നെ കരുണാകരനും ഇന്ദിരാ കോൺഗ്രസും അവർക്ക് ചതുർത്ഥിയായിരുന്നു. എന്നിട്ടും സി.എച്ച്. മുഹമ്മദ് കോയയുടെ മന്ത്രിസഭയെ പുറത്തുനിന്ന് പിന്താങ്ങാൻ ജനതാപാർട്ടി തീരുമാനിച്ചു. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുസ്ളിമിനെ മുഖ്യമന്ത്രിയാക്കിയത് ഞങ്ങളാണെന്ന് ആർ.എസ്.എസ് നേതാക്കൾ പ്രസംഗിച്ചുനടന്നു. 1979 ഡിസംബർ ഒന്നിന് സി.എച്ച് മന്ത്രിസഭ രാജിവച്ചപ്പോൾ ജനതാപാർട്ടി വീണ്ടും ഒറ്റപ്പെട്ടു. ഇടതുമുന്നണിയിൽ നിന്ന് പുറത്തായി ; ഐക്യമുന്നണിയിൽ ചേരാനും വയ്യ. ആപൽഘട്ടത്തിൽ ജനതാപാർട്ടിയെ വഴിയിലുപേക്ഷിക്കാൻ കെ.കരുണാകരന് മനസുവന്നില്ല. അദ്ദേഹം ശരിക്കും 'കരുണാ"കരനായി. ജനതാ പാർട്ടിയെ ഒപ്പംകൂട്ടി. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് (ഐ)യുടെ മുഖ്യശത്രുവാണ് ജനതാപാർട്ടി. ജനതയുടെ മുഖ്യശത്രു ഇന്ദിരാ കോൺഗ്രസ്. സംസ്ഥാനതലത്തിൽ പോലും അവർ തമ്മിൽ സഖ്യം അസാദ്ധ്യമാണ്. കോൺഗ്രസ് (ഐ) നയിക്കുന്ന മുന്നണിയിൽ ജനതാപാർട്ടിയെ ചേർക്കാൻ കഴിയില്ല. അതുകൊണ്ട് ഐക്യ ജനാധിപത്യ മുന്നണി ജനതാപാർട്ടിയുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി. മൂന്നു ലോക്സഭാ സീറ്റും 25 അസംബ്ളി സീറ്റുകളും അവർക്ക് വിട്ടുകൊടുത്തു. ജനതാപാർട്ടിക്ക് പ്രവർത്തകർ അധികമില്ലാത്തതിനാൽ മതിലെഴുത്തും പോസ്റ്ററൊട്ടിക്കലും നോട്ടീസ് വിതരണവുമൊക്കെ കോൺഗ്രസുകാർ സസന്തോഷം ഏറ്റെടുത്തു. കാസർകോട് പാർലമെന്റ് സീറ്റിൽ ഒ.രാജഗോപാലും പെരിങ്ങളം നിയമസഭാ മണ്ഡലത്തിൽ കെ.ജി. മാരാരുമായിരുന്നു ജനതാപാർട്ടി സ്ഥാനാർത്ഥികൾ. രണ്ടിടത്തും മുസ്ളിം ലീഗുകാർ ഉത്സാഹപൂർവം പ്രചാരണത്തിനിറങ്ങി. ആർ.എസ്.എസ് ഹറാമില്ലാ ഹറാമാണെന്ന് യൂണിയൻ ലീഗുകാർക്കും മനസിലായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് അഞ്ച് കോൺഗ്രസ് (ഐ)ക്കാർ വിജയിച്ചു. ലീഗിനു രണ്ടും ജോസഫ് ഗ്രൂപ്പിനും ഒന്നും സീറ്റുകൾ ലഭിച്ചു. ജനതാ പാർട്ടിക്കാർ ആരും ജയിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് ജനതാപാർട്ടിക്കാർ വിജയിച്ചു. അത്തവണ 25 ൽ നാലുസ്ഥാനാർത്ഥികൾ പഴയ ജനസംഘക്കാരായിരുന്നു. മാരാരടക്കം നാലുപേരും പരാജിതരായി. 1980 ഏപ്രിൽ മാസമാവുമ്പോഴേക്കും പഴയ ജനസംഘക്കാർ ജനതാപാർട്ടിയിൽ നിന്ന് വഴിപിരിഞ്ഞ് ഭാരതീയ ജനതാപാർട്ടി രൂപീകരിച്ചു. അവശിഷ്ട ജനതാപാർട്ടി അതിനുശേഷവും ഐക്യജനാധിപത്യ മുന്നണിയോടു ധാരണയിൽ പ്രവർത്തിച്ചു. 1981 അവസാനം നായനാർ മന്ത്രിസഭയുടെ പതനത്തിനുശേഷം ആ പാർട്ടി രണ്ടായിപിളർന്നു. പഴയ സംഘടനാ കോൺഗ്രസുകാർ കെ. ഗോപാലന്റെയും എം.കമലത്തിന്റെയും നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണിയിൽ ചേർന്നു. കെ. ചന്ദ്രശേഖരനും കെ. കൃഷ്ണൻകുട്ടിയും ഉൾപ്പെടുന്ന വിഭാഗം ഇടതുമുന്നണിയിലും ചേക്കേറി.
ഇതാണ് 1977 -80 കാലത്തെ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ ഏകദേശ ചരിത്രം. കേരളത്തിൽ ആർ.എസ്.എസുമായി കൂട്ടുചേരാത്തത് സി.പി.ഐ, ആർ.എസ്.പി, കോൺഗ്രസിലെ ആന്റണിഗ്രൂപ്പ്, കേരള കോൺഗ്രസിലെ മാണിവിഭാഗം എന്നിവ മാത്രമാണ്. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല; സ്ഥായിയായ താത്പര്യങ്ങൾ മാത്രമേയുള്ളൂ.