stocks

കൊച്ചി: ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള വെല്ലുവിളികൾക്കിടെ ഇന്ത്യൻ ഓഹരിവിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം അതിശക്തമായി തുടരുന്നു. ഈമാസം ഇതുവരെ മാത്രം വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) 7,432 കോടി രൂപ പിൻവലിച്ചു.

ഡോളറിന്റെ അപ്രമാദിത്വവും പലിശനിരക്ക് വർദ്ധനയും വീണ്ടുമൊരു ആഗോള സാമ്പത്തികമാന്ദ്യം അകലെയല്ലെന്ന വിലയിരുത്തലുകളുമാണ് വിദേശ നിക്ഷേപകരെ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ പ്രേരിപ്പിക്കുന്നത്. 2022ൽ ഇതുവരെ ഇന്ത്യൻ ഓഹരിവിപണിക്ക് നഷ്‌ടമായ വിദേശനിക്ഷേപം 2.25 ലക്ഷം കോടി രൂപയാണ്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യകാലത്ത് നഷ്‌ടമായ 52,987 കോടി രൂപയുടെ റെക്കാഡാണ് പഴങ്കഥയായത്.

കഴിഞ്ഞമാസം 50,203 കോടി രൂപ പിൻവലിക്കപ്പെട്ടിരുന്നു. 2020 മാർച്ചിൽ 61,973 കോടി രൂപ നഷ്‌ടപ്പെട്ടശേഷം ഒരുമാസം കൊഴിയുന്ന ഏറ്റവും വലിയ നഷ്‌ടമാണത്. ഡോളറിന്റെ കുതിപ്പിന് പുറമേ വിദേശ നിക്ഷേപനഷ്‌ടം രൂപയ്ക്ക് വൻ തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞവാരം മൂല്യം ഡോളറിനെതിരെ 80ന് തൊട്ടടുത്തേക്ക് കൂപ്പുകുത്തിയിരുന്നു.