
ചെന്നൈ: ആരാധകർ ഏറെ കാത്തിരുന്ന ഒന്നായിരുന്നു നയൻ താര - വിഗ്നേഷ് ശിവൻ എന്നിവരുടെ വിവാഹം. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സ് ഇവരുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതിന് വേണ്ടി 25 കോടി രൂപയുടെ കരാർ നവദമ്പതികളുമായി ഒപ്പുവച്ചിരുന്നു. എന്നാൽ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് നെറ്റ്ഫ്ളിക്സ് ഏകപക്ഷീയമായി ഈ കരാറിൽ നിന്ന് ഇപ്പോൾ പിന്മാറിയിരിക്കുകയാണ്.
വിഗ്നേഷ് ശിവന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചടങ്ങിൽ പങ്കെടുത്ത അതിഥികളുടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇതാണ് നെറ്റ്ഫ്ളിക്സിനെ ചൊടിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഗൗതം മേനോനാണ് നെറ്റ്ഫ്ളിക്സിന് വേണ്ടി നയൻ താര - വിഗ്നേഷ് ശിവൻ വിവാഹം സംവിധാനം ചെയ്തത്. ഇതിന് വേണ്ടി ദമ്പതികൾക്ക് നൽകിയ കരാർ തുകയ്ക്ക് പുറമേ വലിയൊരു തുകയും നെറ്റ്ഫ്ളിക്സ് ചെലവിട്ടിരുന്നു.
തമിഴ് സംഗീത സംവിധായകരായ എ ആർ റഹ്മാൻ, അനിരുദ്ധ്, നടന്മാരായ രജനീകാന്ത്, ഷാരുഖ് ഖാൻ തുടങ്ങിയ വൻ താരനിരയാണ് ഇവരുടെ വിവാഹചടങ്ങിനെത്തിയത്. എന്നാൽ ഈ വിവരങ്ങൾ നെറ്റ്ഫ്ളിക്സിലൂടെ പുറത്തുവരണമെന്നതായിരുന്നു കമ്പനിയുടെ ആവശ്യം. പക്ഷേ വിഗ്നേഷ് ശിവൻ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഷാരുഖ് ഖാന്റെയും രജനീകാന്തിന്റെയും ചിത്രങ്ങൾ ഷെയർ ചെയ്തത് നെറ്റ്ഫ്ളിക്സിനെ ചൊടിപ്പിച്ചു. ഇത് കൂടാതെ വിവാഹചടങ്ങിലെ ചില പ്രധാന ചടങ്ങുകളും വിഗ്നേഷ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇതിനാലാണ് നെറ്റ്ഫ്ളിക്സ് കരാറിൽ നിന്ന് പിന്മാറിയതെന്ന് കരുതുന്നു.