
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് 20 വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴ്‌ച ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുറ്റ്യാടി, മൂഴിയാര്‍, പൊന്മുടി തുടങ്ങിയ വൈദ്യുതി അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മീങ്കര ജലസേചന അണക്കെട്ടിന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നെയ്യാര്‍, മംഗലം ജലസേചന അണക്കെട്ടുകളില്‍ ബ്ലൂ അലെര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
മലങ്കര, ശിരുവാണി, കുറ്റ്യാടി, കല്ലട, കാരാപ്പുഴ, കാഞ്ഞിരപ്പുഴ, പീച്ചി, മണിയാര്‍, ഭൂതത്താന്‍കെട്ട്, മൂലത്തറ, പഴശ്ശി അണക്കെട്ടുകളില്‍നിന്നും വെള്ളം ഒഴുക്കിവിടുന്നുണ്ട്. അതിനാല്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണം.നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.75 അടിയിലെത്തി നില്‍ക്കുന്നു. മഴ തുടര്‍ന്ന്, താങ്ങാവുന്ന ഏറ്റവും ഉയര്‍ന്ന പരിധിയായ 136.60 അടിയിലേക്ക് ജലനിരപ്പെത്തുകയാണെങ്കില്‍ സ്പില്‍വേയിലൂടെ തമിഴ്നാടിന്റെ ഭാഗത്തുനിന്നും ജലം പുറത്തേക്ക് ഒഴുക്കിവിട്ടേക്കാം.