babar-azam

കറാച്ചി: അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഏറ്റവും വേഗത്തിൽ 10000 റൺസ് തികയ്ക്കുന്ന ഏഷ്യൻ താരം എന്ന വിരാട് കൊഹ്‌ലിയുടെ റെക്കാഡ് സ്വന്തമാക്കി പാക് നായകൻ ബാബർ അസം. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിലൂടെയാണ് ബാബർ ഈ നേട്ടത്തിലെത്തിയത്. 10000 റൺസിലെത്താന്‍ ബാബറിന് 228 ഇന്നിംഗ്സുകളാണ് വേണ്ടിവന്നത്. വിരാടിന് ഈ നേട്ടത്തിലെത്താൻ 232 ഇന്നിംഗ്സുകൾ വേണ്ടിവന്നു.

ആഗോളതലത്തിൽ അതിവേഗം 10000 റൺസ് നേടുന്ന ബാറ്റർമാരുടെ പട്ടികയിൽ ബാബർ അഞ്ചാം സ്ഥാനത്താണ്. വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസതാരം വിവിയൻ റിച്ചാര്‍ഡ്‌സാണ് ഒന്നാമത്. റിച്ചാർഡ്‌സിന് 10000 റൺസ് കണ്ടെത്താൻ 206 ഇന്നിംഗ്സുകൾ മാത്രമാണ് വേണ്ടിവന്നത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല (217), വെസ്റ്റ് ഇൻഡീസിന്റെ ബ്രയാൻ ലാറ (220), ഇംഗ്ലണ്ടിന്റെ ജോ റൂട്ട് (222) എന്നിവരാണ് ബാബറിന് മുന്നിലുള്ളത്.

വിരാടിന്റെ നിരവധി റെക്കാഡുകൾ ബാബര്‍ ഇതിനകം തകർത്തിട്ടുണ്ട്. ട്വന്റി -20 ബാറ്റർമാരുടെ റാങ്കിംഗിൽ ഏറ്റവുമധികം ദിവസം ഒന്നാം സ്ഥാനത്തിരുന്ന താരം എന്ന വിരാടിന്റെ റെക്കോഡ് ബാബർ ഈയിടെയാണ് മറികടന്നത്. ഏകദിനത്തിൽ അതിവേഗത്തിൽ 1000 റൺസ് നേടിയ നായകൻ എന്ന റെക്കാഡും വിരാടിൽ നിന്ന് ബാബർ തട്ടിയെടുത്തിരുന്നു. നിലവിൽ ഏകദിനത്തിലും ട്വന്റി -20യിലും ലോക ഒന്നാം നമ്പർ താരമായ ബാബർ ടെസ്റ്റിൽ നാലാം സ്ഥാനത്താണ്. അതേസമയം കരിയറിലെ മോശം ഫോമിൽ തുടരുന്ന വിരാടിനെ ആശ്വസിപ്പിച്ച് കഴിഞ്ഞ ദിവസം 'ഇതും കടന്നുപോകുമെന്ന് ' ട്വിറ്ററിൽ ബാബർ കുറിച്ചത് വൈറലായിരുന്നു. ഇതിന് വിരാട് നന്ദിയും അർപ്പിച്ചിരുന്നു. വിരാട് തന്റെ ആരാധനാമൂർത്തിയാണെന്ന് ബാബർ നേരത്തേ പറഞ്ഞിട്ടുണ്ട്.