
കൊച്ചി: കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസകിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. ചൊവ്വാഴ്‌ച രാവിലെ 10ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡി. ജോയിന്റ് ഡയറക്ടറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കിഫ്ബിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയര്‍മാന്‍ ധനമന്ത്രി തോമസ് ഐസകും ആയിരുന്നു. വൈസ് ചെയർമാൻ എന്ന നിലയിലാണ് തോമസ് ഐസകിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് വിദേശത്ത് നിന്നും പണം സ്വീകരിച്ചെന്ന പരാതിയിലാണ് ഇ.ഡിയുടെ അന്വേഷണം. കഴിഞ്ഞ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിനിടെ കിഫ്ബി സി.ഇ.ഒ, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവരെ നോട്ടീസ് അയച്ചു വരുത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.