elephant

തൃശൂർ: ഉത്സവ എഴുന്നള്ളിപ്പുകൾക്കായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരാൻ അനുമതി നൽകാതിരിക്കുന്നത് നാട്ടാനകളുടെ ജോലിഭാരം കൂട്ടുകയും ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് ആക്ഷേപം. ആനകൾക്ക് സുഖചികിത്സ തുടങ്ങുമ്പോൾ, വരാനിരിക്കുന്ന ഉത്സവകാലത്തെ ചൊല്ലിയുള്ള ആശങ്കയിലാണ് ആന ഉടമസ്ഥരും ദേവസ്വങ്ങളും. ഒന്നരപതിറ്റാണ്ട് മുൻപാണ് അന്യസംസ്ഥാനത്തെ ആനകളെ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നത്.

പിന്നീട്, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക അനുമതി വേണമെന്ന സുപ്രീം കോടതിയുടെ നിബന്ധനയുണ്ടായി. ആനകൾക്ക് പീഡനം നേരിടുന്നുവെന്ന പരാതിയെ തുടർന്നാണ് കേരളത്തിന് മാത്രം ഈ നിബന്ധന ബാധകമായത്. എന്നാൽ, കേന്ദ്രസംസ്ഥാന സർക്കാരുകളും, വനം വന്യജീവി വകുപ്പും പിന്നീട് ആനകളെ നാട്ടിലെത്തിക്കുന്നതിന് സഹായകരമായ നിലപാട് സ്വീകരിച്ചില്ലെന്നാണ് കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്റെ ആക്ഷേപം.
നിലവിലുള്ള ആനകളുടെ മൂന്നിലൊന്നും നീരിലും ആരോഗ്യപ്രശ്‌നങ്ങളും കാരണം ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കാനാവാത്ത നിലയിലാണ്. അതുകൊണ്ട് കൂടുതൽ ഉത്സവങ്ങളിൽ ആനകളെ പങ്കെടുപ്പിക്കേണ്ടി വരും. കൊവിഡ് നിയന്ത്രണം കാരണം കഴിഞ്ഞ രണ്ടുവർഷം ഉത്സവങ്ങളും ആഘോഷങ്ങളും കുറവായിരുന്നു. എന്നാൽ, പ്രായാധിക്യം മൂലവും അസുഖം ബാധിച്ചും ചരിയുന്ന നാട്ടാനകളുടെ എണ്ണം കൂടുകയാണ്. നാട്ടാനകളിലെ അസുഖം ശാസ്ത്രീയമായി കണ്ടുപിടിക്കാനോ അവയ്ക്ക് മതിയായ ചികിത്സ യഥാസമയം നൽകാനോ നിലവിലെ സംവിധാനം അപര്യാപ്തമാണെന്നും പറയുന്നു.
നിലവിലുള്ള നാട്ടാനകളുടെ മരണനിരക്ക് ഇതുപോലെ തുടർന്നാൽ അഞ്ചോ ആറോ വർഷത്തിനകം കേരളത്തിലെ നാട്ടാനകൾ നാമാവശേഷമാകും. കേരളത്തിലെ ചെറുതും വലുതുമായ ആയിരക്കണക്കിന് പൂരം, പെരുന്നാൾ നേർച്ച ആഘോഷങ്ങളും അവയുടെ അവിഭാജ്യ ഘടകമായ ആന എഴുന്നള്ളിപ്പും ഇല്ലാതാകുമെന്നും ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.ശശികുമാർ പറയുന്നു.

ആനകൾ കേരളത്തിൽ

കേരളത്തിൽ നിലവിലുള്ള ആനകൾ: 450ൽ താഴെ
പ്രതിവർഷം പ്രായാധിക്യം മൂലവും അസുഖം ബാധിച്ചും ചരിയുന്നത് : 30 ഓളം
ഈ വർഷം അസുഖം ബാധിച്ച് ചരിഞ്ഞത്: 11 നാട്ടാനകൾ

(കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്റെ കണക്ക് പ്രകാരം)