pant

മാഞ്ചസ്റ്റർ: സൗരവ് ഗാംഗുലിക്ക് കീഴിൽ ഏതാനും യുവതാരങ്ങളുടെ ചോരത്തിളപ്പിൽ ലോകക്രിക്കറ്റ് കീഴടക്കാൻ ആരംഭിക്കുന്നത് ഒരു ഇംഗ്‌ളണ്ട് പര്യടനത്തോടെയാണ്. 2002ൽ നടന്ന നാറ്റ്‌വെസ്റ്റ് ഏകദിന പരമ്പരയിലെ കിരീട വിജയത്തോടു കൂടി. അന്നത്തെ യുവതാരങ്ങളായ യുവ്‌രാജ് സിംഗും മുഹമ്മദ് കൈഫും ചേർന്ന് നേടിയെടുത്ത കിരീട വിജയത്തിന്റെ ഇരുപതാം വാർഷികമായിരുന്നു നാല് ദിവസം മുമ്പ് - ജൂലായ് 13ന്. ആ വിജയത്തിന്റെ ഓർമകൾ ഉണർത്തി ഇന്ത്യ വീണ്ടും ഇംഗ്ളണ്ടിന്റെ മണ്ണിൽ മറ്റൊരു പരമ്പരക വിജയം കൂടി സ്വന്തമാക്കി. അന്ന് യുവ്‌രാജും കൈഫും ആയിരുന്നെങ്കിൽ ഇന്ന് ഹാർദിക്ക് പാണ്ഡ്യയും (71) റിഷഭ് പന്തുമായിരുന്നു (125 നോട്ടൗട്ട്). അന്ന് കൂറ്റനടികളിലൂടെ യുവ്‌രാജ് സിംഗ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ട് വന്നെങ്കിൽ ഇന്ന് ആ നിയോഗം ഹാർദിക്ക് പാണ്ഡ്യയ്ക്കായിരുന്നു. അന്ന് പാതിവഴിയിൽ യുവ്‌രാജ് ഔട്ടായപ്പോൾ കൈഫ് ഇന്ത്യയെ വിജയത്തിലേക്ക് മടക്കിക്കൊണ്ട് വന്നെങ്കിൽ, ഇന്ന് ഹാർദിക്ക് പുറത്തായ ശേഷം പന്ത് ആ ചുമതല ഭംഗിയായി നിറവേറ്റി. അതും വിജയറൺ നേടിയത് ടെസ്റ്റിൽ തന്നെ പുറത്താക്കിയ ജോ റൂട്ടിനെ ബൗണ്ടറി കടത്തിക്കൊണ്ട്. ബൗണ്ടറി നേടിയ ഷോട്ട് റിവേഴ്സ് സ്വീപ്പ് - ഏത് ഷോട്ട് കളിച്ചിട്ടാണോ ടെസ്റ്റിൽ പുറത്തായത്, അതേ ഷോട്ട്. ബൗളിംഗിലും തിളങ്ങിയ ഹാർദിക്ക് ഇംഗ്ളണ്ടിന്റെ നാലു വിക്കറ്റുകളും എടുത്തിരുന്നു.

ഇതോടെ ഇംഗ്ളണ്ടിനെതിരായ അവസാന ഏകദിനത്തിൽ അഞ്ചുവിക്കറ്റിന് വിജയം നേടിയ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. മാഞ്ചസ്റ്ററിൽ വിജയിക്കാൻ 260 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 42.1 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. തന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി നേടിയ റിഷഭ് പന്തും(125) അർദ്ധ സെഞ്ച്വറിയും (71) നാലുവിക്കറ്റുകളും നേടിയ ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. റിഷഭ് 113 പന്തുകളിൽ 16 ബൗണ്ടറികളും രണ്ട് സിക്സുകളും പായിച്ചാണ് തന്റെ ഏറ്റവും ഉയർന്ന ഏകദിന സ്കോറിലെത്തിയത്. വില്ലി എറിഞ്ഞ 42-ാം ഓവറിൽ തുടർച്ചയായി അഞ്ചു ബൗണ്ടറികൾ പായിച്ചാണ് റിഷഭ് സെഞ്ച്വറിയിലെത്തിയത്. ഹാർദിക് 55 പന്തുകളിൽ 10 ബൗണ്ടറികളടക്കമാണ് 71 റൺസ് നേടിയത്.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 45.5ഓവറിൽ 259 റൺസിന് ആൾഔട്ടാവുകയായിരുന്നു. ഏഴോവറിൽ മൂന്ന് മെയ്ഡനടക്കം 24 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ബൗളിംഗിൽ തിളങ്ങിയത്.യുസ്‌വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റും ജഡേജയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 72 റൺസെടുക്കുന്നതിനിടയിൽ നായകൻ രോഹിത് ശർമ്മ(17),ഓപ്പണർ ശിഖർ ധവാൻ (1),മുൻനായകൻ വിരാട് കൊഹ്‌ലി (17),സൂര്യകുമാർ യാദവ് (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. തുടർന്ന് അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന റിഷഭും ഹാർദിക്കും ചേർന്ന് കൂട്ടിച്ചേർത്ത 133 റൺസ് വിജയത്തിന് അടിത്തറയിട്ടു. പാണ്ഡ്യ പുറത്തായശേഷം ജഡേജയെക്കൂട്ടി (7*) റിഷഭ് വിജയത്തിലെത്തിക്കുകയായിരുന്നു.

ഒരു ഘട്ടത്തിൽ 74/4എന്ന നിലയിലായിരുന്ന ഇംഗ്ളണ്ടിനെ അർദ്ധ സെഞ്ച്വറി നേടിയ ജോസ് ബട്ട്‌ലറും (60),ജാസൺ റോയ്‌യും (41),മൊയീൻ അലിയും (34), ക്രെയ്ഗ് ഓവർട്ടണും (32),ബെൻ സ്റ്റോക്സും (27),ലിയാം ലിവിംഗ്സ്റ്റണും (27) ചേർന്നാണ് 259ലെത്തിച്ചത്. പരിക്കേറ്റ ജസ്പ്രീത് ബുറയ്ക്ക് പകരം ഇന്നലെ കളിക്കാനിറങ്ങിയ പേസർ മുഹമ്മദ് സിറാജ് ഇംഗ്ളീഷ് ഇന്നിംഗ്സിലെ രണ്ടാം ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ജോണി ബെയർസ്റ്റോയെയും ജോ റൂട്ടിനെയുമാണ് സിറാജ് ഡക്കാക്കി വിട്ടത്. തുടർന്ന് ജാസൺ റോയ്‌യും സ്റ്റോക്സും ചേർന്ന് 66ലെത്തിച്ചപ്പോഴേക്കും റോയ്‌യെ വീഴ്ത്തി ഹാർദിക് പാണ്ഡ്യ സഖ്യം പൊളിച്ചു. 14-ാം ഓവറിൽ ബെൻ സ്റ്റോക്സിനെ റിട്ടേൺ ക്യാച്ചിലൂടെ കൂടാരം കയറ്റിയ പാണ്ഡ്യ ഇംഗ്ളണ്ടിനെ 74/4എന്ന നിലയിലാക്കി.

തുടർന്ന് അഞ്ചാം വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്ത് മൊയീൻ അലിയും ബട്ട്‌ലറും ചേർന്ന് 149ലെത്തിച്ചു.മൊയീനെ ജഡേജ റിഷഭിന്റെ കയ്യിലെത്തിച്ച ശേഷം ക്രീസിലെത്തിയ ലിവിംഗ്സ്റ്റണുമായി ചേർന്ന് ബട്ട്‌ലർ 198ലെത്തിച്ചു. മൂന്ന് പന്തുകൾക്കിടെ പാണ്ഡ്യ ലിവിംഗ്സ്റ്റണിനെയും ബട്ട്‌ലറെയും പുറത്താക്കി ഏകദിനത്തിലെ തന്റെ മികച്ച ബൗളിംഗ് പ്രകടനം കുറിച്ചു. തുടർന്ന് 60 റൺസ് കൂടി നേടുന്നതിനിടെ ഇംഗ്ളണ്ട് ആൾഔട്ടായി.