
ബെർലിൻ : പണം നിലവിൽ വരുന്നതിന് മുമ്പ് പണ്ട് കാലത്ത് അവശ്യവസ്തുക്കൾ വാങ്ങാൻ ആളുകൾ പരസ്പരം സാധനങ്ങൾ കൈമാറുന്ന ബാർട്ടർ സമ്പ്രദായത്തെ പറ്റി നമുക്കറിയാം. ഇന്ന് ഈ സമ്പ്രദായം എങ്ങും നിലവിലില്ല. എന്നാൽ, യുക്രെയിനിലെ റഷ്യൻ അധിനിവേശം ജർമ്മനിയിലെ ഒരു ബാറിനെ ബാർട്ടർ സമ്പ്രദായത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. റഷ്യൻ അധിനിവേശ പശ്ചാത്തലത്തിൽ പാചകത്തിനാവാശ്യമായ എണ്ണയ്ക്ക് യൂറോപ്പിൽ തീപിടിച്ച വിലയാണ്. ഇത് മറികടക്കാനാണ് തെക്കൻ മ്യൂണിക്കിലെ ഗൈസിഞ്ചർ ബ്യൂവെറി എന്ന ബാർ ഒന്നാന്തരം ഐഡിയ അവതരിപ്പിച്ചത്. ബിയറിനായി എത്തുന്നവർക്ക് പണത്തിന് പകരം സൺഫ്ലവർ ഓയിൽ നൽകാനുള്ള അവസരമാണ് ബാറിൽ ഒരുക്കിയിട്ടുള്ളത്. ബാറിലെ പ്രധാന വിഭവങ്ങളിലൊന്നായ സ്നിറ്റ്‌ഷെൽ തയാറാക്കാൻ വേണ്ടിയാണ് സൺഫ്ലവർ ഓയിൽ. നേർത്ത ഇറച്ചി എണ്ണയിൽ വറുത്തെടുത്താണ് രുചികരമായ സ്നിറ്റ്‌ഷെൽ തയാറാക്കുന്നത്. ഒരു ലിറ്റർ ബിയർ വാങ്ങുന്നവർക്ക് അതേ അളവിലെ തന്നെ സൺഫ്ലവർ ഓയിൽ നൽകിയാൽ മതിയാകും എന്നാണ് ഓഫർ. വിലക്കയറ്റവും ലഭ്യതക്കുറവും മൂലം അടുക്കളയിൽ എണ്ണയില്ലാത്ത അവസ്ഥ വന്നതോടെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ബാറിന്റെ മാനേജർ എറിക് ഹോഫ്മൻ പറയുന്നു. ആഴ്ചയിൽ 30 ലിറ്റർ വേണ്ട ഇടത്ത് 15 ലിറ്റർ എണ്ണ മാത്രമാണ് വാങ്ങാനായതെന്നും ഇതോടെ സ്നിറ്റ്‌ഷെൽ തയാറാക്കാനാകാത്ത സ്ഥിതി വന്നെന്നും ഹോഫ്മൻ വ്യക്തമാക്കി. ഏതായാലും പുതിയ ഓഫർ മുന്നോട്ട് വച്ചതിന് ശേഷം ബിയർ കൊടുത്ത് ഏകദേശം 400 ലിറ്ററോളം എണ്ണ ബാറിൽ ലഭിച്ചത്രെ. ലോകത്ത് സൺഫ്ലവർ ഓയിൽ കയറ്റുമതിയുടെ 80 ശതമാനത്തോളം യുക്രെയിനിലും റഷ്യയിലും നിന്നാണ്. അധിനിവേശം അവസാനിക്കാതെ ദിനംപ്രതി സ്ഥിതി വഷളാകുന്ന സാഹചര്യത്തിൽ യൂറോപ്പിൽ മാത്രമല്ല ലോകമെമ്പാടും എണ്ണയുൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് വില ഉയരുകയും ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നു.