
തിരുവനന്തപുരം: പൂർണ നഗ്നനായും അടിവസ്ത്രം മാത്രം ധരിച്ചും മോഷണത്തിനിറങ്ങിയ കള്ളന്റെ പടം വലിയ ഫ്ലക്സ് ബോർഡായി റോഡിൽ സ്ഥാപിച്ചപ്പോൾ 'തലയിൽ മുണ്ടിട്ട്' നടക്കേണ്ട ഗതികേടിലായി മോഷ്ടാവിന്! കള്ളനെ കണ്ടെത്താനായി തിരുവനന്തപുരം കവടിയാർ പണ്ഡിറ്റ് കോളനിയിലെ കൾച്ചർ ഷോപ്പി എന്ന കരകൗശല വിൽപ്പന കേന്ദ്രമാണ് സ്ഥാപനത്തിനു മുന്നിൽ ബോർഡ് സ്ഥാപിച്ചത്. സിസി ടി.വിയിൽ പതിഞ്ഞ മോഷണശ്രമത്തിന്റെ ഫുൾ വീഡിയോ ദൃശ്യം സ്ഥാപനത്തിന്റെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു.
ഒരു ദിവസം പൂർണ നഗ്നനായും, മറ്റൊരു ദിവസം അടിവസ്ത്രം ധരിച്ചും പരിസര നിരീക്ഷണം നടത്തിയശേഷം മൂന്നാംദിവസം അടിവസ്ത്രം മാത്രം ധരിച്ചാണ് സ്ഥാപനത്തിൽ കടന്ന് മോഷണ ശ്രമം നടത്തിയത്. ഇതെല്ലാം സ്ഥാപനത്തിലെ സി.സി ടിവി കാമറയിൽ പതിഞ്ഞു. ഈ ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിന്റെ മുഖമടക്കമുള്ള ചിത്രം സ്ഥാപനത്തിന് മുന്നിൽ സ്ഥാപിച്ചത്.
കഴിഞ്ഞ മാസമായിരുന്നു സംഭവം. സ്ഥാപനത്തിന്റെ ഉള്ളിൽകടന്ന് മുറികളെല്ലാം അരിച്ചുപെറുക്കിയെങ്കിലും ആവശ്യമുള്ളതൊന്നും കിട്ടാത്തതിനാൽ വെറുംകൈയ്യോടെയാണ് കള്ളൻ മടങ്ങിയത്. ആറന്മുളക്കണ്ണാടിയും നെട്ടൂർ പെട്ടിയും ചെന്നപട്ടണം കളിപ്പാട്ടങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും തൊട്ടില്ല.
തിരിച്ചറിയാതിരിക്കാൻ തലയിൽ കറുത്ത തുണികൊണ്ട് കെട്ടിയായിരുന്നു മോഷണ ശ്രമം. ഇടയ്ക്ക് തുമ്മാനായി തലക്കെട്ട് അഴിച്ചപ്പോൾ നരച്ച താടിയുള്ള മോഷ്ടാവിന്റെ മുഖം വ്യക്തമായി കാമറയിൽ പതിഞ്ഞു. തിരിഞ്ഞു നിന്നപ്പോൾ പിന്നിലെ കഷണ്ടിയും വ്യക്തമായി. മദ്ധ്യവയസ് പിന്നിട്ടയാളാണ് മോഷ്ടാവെന്നാണ് സംശയം. സ്ഥാപനം മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.