
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കോൺഗ്രസ് മുൻ എം.എൽ.എ ശബരീനാഥന് പൊലീസ് നോട്ടീസ് നൽകി. ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരീനാഥന് നോട്ടീസ് നൽകിയിരിക്കുന്നത്.
നാളെ 11 മണിക്ക് ശംഖുമുഖം അസിസ്റ്റന്റ‌് കമ്മീഷണറുടെ ഓഫീസിൽ എത്താനാണ് നിർദ്ദേശം. ഗൂഢാലോചനയ്ക്ക് പദ്ധതിയിട്ടത് ശബരീനാഥൻ ആണെന്ന തരത്തിലുള്ള വാട്‌സാപ്പ് സന്ദേശമടങ്ങുന്ന സ്‌ക്രീൻ ഷോട്ട് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വെെസ് പ്രസിഡന്റ് കൂടിയായ ശബരീനാഥൻ ഉൾപ്പട്ടിരുന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നുള്ള സന്ദേശമാണ് പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മുൻ എം.എൽ.എയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് വിവരങ്ങൾ.
കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടത്തിയത്. ഗൂഢാലോചന, വധശ്രമം, വ്യോമയാന നിയമങ്ങളുടെ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ പ്രതിഷേധിച്ചത്. കൂടെയുണ്ടായിരുന്ന സുനിത് നാരായണൻ എന്നയാളാണ് ദൃശ്യങ്ങൾ പകർത്തിയത്.
അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് ഇൻഡിഗോ വിമാനത്തിൽ മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്‌ചത്തെ വിലക്കാണ് കമ്പനി ഏർപ്പെടുത്തിയിരിക്കുന്നത്.