
വാഷിംഗ്‌ടൺ: അമേരിക്കയിലെ ഇന്ത്യാന മാളിൽ നടന്ന വെടിവയ്‌പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇന്ത്യാനയിലെ ഗ്രീൻവുഡ് പാർക്ക് മാളിലെത്തിയ അക്രമി ഫുഡ് കോർട്ടിൽ വച്ചാണ് വെടിയുതിർത്തത്.
വിവരമറിഞ്ഞ് വൈകിട്ട് ആറോടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. ആയുധധാരിയായ മറ്റൊരാൾ അക്രമിയെ കൊലപ്പെടുത്തിയതായും അക്രമിയുടെ കൈ വശം തോക്കും നിരവധി വെടിമരുന്നുകളുണ്ടായിരുന്നതായും ഗ്രീൻവുഡ് പൊലീസ് മേധാവി ജിം ഐസൺ പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ടവരുടെയോ അക്രമിയുടെയോ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല.