
റോഡിലെ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത പിഴയാണ് ഇപ്പോൾ ഈടാക്കി വരുന്നത്. ഹെൽമറ്റും ധരിക്കാത്തവർക്കും സീറ്റ്ബെൽറ്റ് ഉപയോഗിക്കാത്തവർക്കും ഇത്രയും നാൾ പിഴ അടച്ച് തലയൂരാമായിരുന്നു. എന്നാൽ ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല.
500 രൂപ മുതലാണ് ഇത്രയും നാൾ നിയമലംഘനങ്ങൾക്ക് പിഴയായി ഈടാക്കിയിരുന്നത്. ഇതിന് പുറമെ ഡ്രൈവറുടെ ലൈസന്‍സ് കൂടി സസ്‌പെന്‍ഡ് ചെയ്യാൻ മോട്ടോര്‍ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. അപകടങ്ങള്‍ക്കു കാരണമാകുന്ന നിയമലംഘനങ്ങള്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സുപ്രീം കോടതി സമിതി ശുപാര്‍ശയുണ്ട്. ഇതിന് പിന്നാലെയാണ് കടുത്ത നടപടികളിലേയ്ക്ക് മോട്ടോര്‍ വകുപ്പ് നീങ്ങിയിരിക്കുന്നത്.
അമിതവേഗം, അമിതഭാരം കയറ്റൽ, സിഗ്‌നല്‍ ലംഘനം, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനം ഓടിക്കൽ, ഡ്രെെവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നീ കുറ്റങ്ങള്‍ക്കാണ് ആര്‍.ടി.ഒ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തിരിക്കുന്ന സമയത്ത് ഡ്രെെവ് ചെയ്‌താൽ ലൈസന്‍സ് റദ്ദാക്കും.
ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇടാതെ വണ്ടിയോടിച്ചതിന് കുറച്ചുപേരുടെ ലെെസൻസ് ഈയടുത്ത കാലയളവിൽ സസ്‌പെന്‍ഡ് ചെയ്‌തിട്ടുമുണ്ട്. കൂടുതൽ പേർക്കെതിരെ ഇനി മുതൽ കടുത്ത നടപടിയുണ്ടാകും. മൂന്ന് മുതല്‍ ആറുമാസം വരെയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്.