
സത്യസന്ധരും അഴിമതിക്ക് കുടപിടിക്കാത്തവരുമായ ഉദ്യോഗസ്ഥരെ മാറ്റുന്നത് പുതിയ സംഭവമൊന്നുമല്ല. കേരളത്തിൽ ഏതുമുന്നണി സർക്കാരിന്റെ കാലത്തും അത് നടന്നിട്ടുണ്ട്. ഇന്ത്യയിലെവിടെയും അതാണ് പതിവ്. പക്ഷേ ഭരണാധികാരികൾ ജനങ്ങളെ ബോധിപ്പിക്കാൻ വേണ്ടി ഒരു കാരണം കണ്ടുപിടിച്ച് പ്രചരിപ്പിക്കും. ഇവിടെ കെ.എസ്.ഇ.ബി ചെയർമാനായിരുന്ന ഡോ.ബി.അശോകിനെ പൊടുന്നനെ മാറ്റിയതിന് പ്രചരിക്കപ്പെട്ട ന്യായം യൂണിയൻകാരുമായി ചേരുന്നില്ല എന്നതാണ്. പലപ്പോഴും യൂണിയൻകാർ വെറും കരുക്കൾ മാത്രമാണ്. മേലുദ്യോഗസ്ഥന്റെ നേരെ വിരൽചൂണ്ടി നിങ്ങളുടെ കസേര തെറിപ്പിക്കുമെന്ന് ചില യൂണിയൻ നേതാക്കളെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് സ്വന്തം ബലത്തിലല്ല, അവരെ പിൻതാങ്ങുന്ന വൻകരങ്ങളുടെ ബലത്തിൽ തന്നെയാണ്. ജനാധിപത്യത്തിനു മുകളിൽ പണാധിപത്യം പിടിമുറുക്കിത്തുടങ്ങിയ പുതിയ കാലത്തിന്റെ പ്രത്യേകതയാണിത്.
ബി.അശോകിനെ മാറ്റാൻ കളിച്ചത് കരാർ ലോബി എന്ന തലക്കെട്ടിൽ സ്വന്തം ലേഖകൻ പി.എച്ച് സനൽകുമാർ എഴുതിയ മുഖ്യവാർത്ത ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത് കെ.എസ്.ഇ.ബിയെ കൊള്ളയടിക്കുന്ന കരാറിനെ ചെറുത്തതാണ് ചെയർമാന്റെ കസേര തെറിക്കാൻ ഇടയാക്കിയതെന്നതാണ്. സംസ്ഥാന സർക്കാരിന് 1000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാർ റദ്ദാക്കണമെന്ന് ചെയർമാൻ കത്ത് നൽകുകയും നിലപാട് കടുപ്പിക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടർന്ന് മറ്റുസംസ്ഥാനങ്ങളിലെ സ്വകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ലോബിയുടെ ചരടുവലിയാണ് സ്ഥാനമാറ്റത്തിന് കാരണം എന്നതിലേക്ക് വെളിച്ചം വീശുന്ന വാർത്തയാണിത്. പിന്നീട് വിവാദപുരുഷനായി മാറിയ എെ.എ.എസ് ഉദ്യോഗസ്ഥൻ എം.ശിവശങ്കറായിരുന്നു അന്ന് ബോർഡ് ചെയർമാൻ. വെെദ്യുതി കരാർ നിയന്ത്രണാധികാരി ഇടത് അനുകൂല അസോസിയേഷന്റെ പ്രമുഖ നേതാവുമായിരുന്നു. വെെദ്യുതി റെഗുലേറ്ററി കമ്മിഷനോ നിയമവകുപ്പോ കേന്ദ്ര സർക്കാരോ ഇതുവരെ അംഗീകരിച്ചിട്ടല്ലാത്തതാണ് കരാർ. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ കരാർപ്രകാരം വെെദ്യുതി വാങ്ങി. ഇങ്ങനെ 2018 മുതൽ 2020 വരെ വെെദ്യുതി വാങ്ങിയത് ക്രമക്കേടാണെന്നും 234.40 കോടിയുടെ നഷ്ടമുണ്ടാക്കിയതിന് ഉത്തരവാദികൾക്കെതിരെ സർക്കാരും ബോർഡും നടപടിയെടുക്കണമെന്നും റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഇതോടെ ഇനി ഒരു കേസ് വന്നാൽ റെഗുലേറ്ററി കമ്മിഷൻ കുറ്റക്കാരാവില്ല. ഇക്കാര്യത്തിൽ സർക്കാരിലേക്ക് പോയ അറിയിപ്പിന് എന്തു സംഭവിച്ചെന്നറിയില്ല. പുതിയ ബോർഡ് ചെയർമാൻ ഇക്കാര്യത്തിൽ കടുത്ത നടപടിയെടുക്കണമെന്ന നോട്ട് സർക്കാരിന് നൽകി. മന്ത്രിസഭയാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്. എന്നാൽ ഫയൽ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് ഇതുവരെ എത്തിയിട്ടില്ല. നേരത്തെ സർക്കാർ അനുവദിക്കാതെയാണ് കരാർപ്രകാരം വെെദ്യുതി വാങ്ങിയത്. ഇനിയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചാൽ കരാർ തുടരാനാകുമെന്ന് കരാർ ലോബിക്കറിയാം. അതിന് വേണ്ടതൊക്കെ ചെയ്യാനും വേണ്ടപ്പെട്ടവരെ വേണ്ട സ്ഥാനങ്ങളിൽ എത്തിക്കാനുമൊക്കെ അവർക്ക് അവരുടേതായ വഴിയുണ്ട്. ആ വഴിയിൽ തടസം നിൽക്കുന്നവരെ അവർ തെറിപ്പിക്കും. അതാണ് ഇവിടെയും സംഭവിച്ചത്. അതിന് ജനങ്ങൾ പാവം യൂണിയനെ സംശയിച്ചു. യൂണിയൻ നേതാക്കളാകട്ടെ എട്ടുകാലി മമ്മൂഞ്ഞിന്റെ റോൾ സ്വയം ഏറ്റെടുത്ത് അത് നമ്മൾ തന്നെയെന്ന് ഗമ നടിക്കുകയും ചെയ്യും. മികച്ച ഉദ്യോഗസ്ഥരെ മാറ്റുമ്പോൾ അത് അഴിമതിക്ക് വേണ്ടിയാണെന്ന സംശയം ജനങ്ങളിൽ സൃഷ്‌ടിക്കും.സർക്കാരും ഉദ്യോഗസ്ഥരും മാറിമാറി വരും. ഏതു കരാറിന്റെ പേരിലായാലും സംസ്ഥാനത്തിന് പൊതുനഷ്ടം ഉണ്ടാകാൻ പാടില്ല. അതിനാവശ്യമായ നടപടി സർക്കാരിൽനിന്ന് അടിയന്തരമായി ഉണ്ടാകേണ്ടതാണ്.