
ചെന്നൈ: കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. പോസ്റ്റ്മോർട്ടം കഴിഞ്ഞാലുടൻ മൃതദേഹം സംസ്കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഭാവിയിൽ കാമ്പസുകളിൽ ആത്മഹത്യ നടന്നാൽ സിബിസിഐഡി കേസന്വേഷിക്കണമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.
ജൂലായ് 12ന് രാത്രിയാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ രക്തത്തിൽ കുളിച്ചു കിടന്ന പെൺകുട്ടിയെ സുരക്ഷാ ജീവനക്കാരനാണ് കണ്ടത്. കല്ലക്കുറിച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ശനിയാഴ്ച ഉച്ചയോടെ മരിച്ചു. പഠിക്കണമെന്നാവശ്യപ്പെട്ട് രണ്ട് അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ഈ അദ്ധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പഠിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് അദ്ധ്യാപകരുടെ മൊഴി. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം അദ്ധ്യാപകരെ വിട്ടയച്ചു. ഇന്നലെ രാവിലെ, പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായില്ല. പരിക്കുകളിൽ നിന്നുള്ള രക്തസ്രാവവും ആഘാതവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരാവയവങ്ങൾ രാസപരിശോധനയ്‌ക്ക് അയച്ചിരിക്കയാണ്. ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിലെ റോഡ് ഉപരോധിച്ചു. പിന്നീട് സ്‌കൂളിന് മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു.

വിദ്യാർത്ഥികളും നാട്ടുകാരും സ്‌കൂൾ കെട്ടിടം തല്ലിത്തകർത്ത് തീയിട്ടു. 30 സ്‌കൂൾ ബസും നാലു പൊലീസ് വാഹനങ്ങളും ഉൾപ്പെടെ 50ലേറെ വാഹനങ്ങൾ കത്തിച്ചു. ട്രാക്ടർ ഉപയോഗിച്ച് ബസുകൾ മറിച്ചിട്ട് തകർത്ത ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. വൻ ജനക്കൂട്ടം പൊലീസിനെ വളഞ്ഞ് കല്ലെറിഞ്ഞതിൽ വില്ലുപുരം മേഖലാ ഡി ഐ ജി എം പാണ്ഡ്യൻ അടക്കം 20 പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്‌ക്കുകയും ചെയ്‌തെങ്കിലും സംഘർഷം അയഞ്ഞില്ല. അതേസമയം, പെൺകുട്ടിയുടെ ആത്മഹത്യയിൽ സ്കൂൾ പ്രിൻസിപ്പളും രണ്ട് അദ്ധ്യാപകരും അടക്കം മൂന്നുപേരെ സിബിസിഐഡി വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.