jaleel

കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയ്‌ക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചതിന് പിന്നാലെ വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. ജനാധിപത്യ പാർട്ടിയാണ് ലീഗെന്നാണ് ഇന്നലെ രാവിലെ സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞത്. എന്നാൽ രാത്രി ഹംസയെ സസ്‌പെൻഡ് ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ ലീഗെന്ന ജനാധിപത്യ പാർട്ടി ഏകാധിപത്യ പാർട്ടിയായത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിക്കുന്നു.

കളി ഇനിയും ഒരുപാട് കാണാനുണ്ടെന്നും കെ ടി ജലീൽ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിരന്തരം അച്ചടക്കലംഘനം നടത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായിട്ടാണ് ഹംസയെ പാർട്ടി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം ഹംസ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ലീഗ് നടപടിയെടുത്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

രാവിലെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം: ലീഗ് ഒരു ജനാധിപത്യ പാർട്ടിയാണ്. വിവിധ അഭിപ്രായങ്ങൾ ഉണ്ടാകും. അത് പാർട്ടീ ഫോറങ്ങളിൽ തുറന്ന് പറയും.

ഉച്ചക്ക് എൻ്റെ എഫ്.ബി പോസ്റ്റ്: ഇങ്ങിനെ കുത്തഴിഞ്ഞ് പോകുന്നതിലും നല്ലത് മതിയായ വിലക്ക് ലീഗിനെ വിൽക്കുകയോ പാട്ടത്തിന് കൊടുക്കുകയോ ചെയ്യുന്നതാണ്.

രാത്രി: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ ലീഗ് സസ്പെൻറ് ചെയ്യുന്നു.

എങ്ങിനെയാണ് മണിക്കൂറുകൾക്കുള്ളിൽ ലീഗെന്ന ജനാധിപത്യ പാർട്ടി ഏകാധിപത്യ പാർട്ടിയായത്?

ഇനിയും കളിയെത്ര കാണാൻ കിടക്കുന്നു.