
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ നാലുമാസം പ്രായമായ ആൺകുട്ടിയെ വാനരൻ എറിഞ്ഞ് കൊന്നു. ഉത്തർപ്രദേശിലെ ബറേലിയിൽ ദുംഗ ഗ്രാമത്തിൽ വെള്ളിയാഴ്‌ച വെെകുന്നേരമാണ് സംഭവം നടന്നത്.
ഗ്രാമവാസിയായ നിർദേഷ് ഉപാധ്യയും അദ്ദേഹത്തിന്റെ ഭാര്യയും നാലു മാസം പ്രായമായ മകനൊപ്പം മൂന്നു നിലയുള്ള വീടിന്റെ ടെറസിൽ നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു കൂട്ടം വാനരന്മാർ അവിടേയ്ക്ക് വന്നു. വാനരന്മാരെ ഓടിക്കാൻ നിർദേഷ് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ദമ്പതികൾ കോണിപ്പടി വഴി താഴേയ്ക്ക് ഓടിയപ്പോൾ കുട്ടി അവരുടെ കൈയിൽ നിന്ന് താഴെ വീണു. കുഞ്ഞിനെ നിർദേഷ് എടുക്കാൻ ശ്രമിച്ചപ്പോൾ ഒരു വാനരൻ കുട്ടിയെ നിലത്തുനിന്ന് എടുത്ത് താഴേക്ക് വലിച്ചെറിയുകയായിരുന്നു. മൂന്നു നില കെട്ടിടത്തിൽനിന്നു താഴെ വീണ കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബറേലി ചീഫ് കൻസർവേറ്റർ ഒഫ് ഫോറസ്റ്റ് ലളിത് വർമ അറിയിച്ചു.